തലശ്ശേരി: ചോദ്യങ്ങൾ ഉന്നയിക്കാൻ അവസരം നഷേധിക്കുന്നതായി ആരോപിച്ച് യു.ഡി.എഫ് കൗൺസിലർമാർ നഗരസഭാ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. പ്രതിഷേധ സൂചകമായി നഗരസഭാ ഓഫീസ് പരിസരത്ത് ധർണാ സമരം നടത്തി. ചരമവാർഷിക ദിനത്തിൽ സംഗീത സംവിധായകൻ കെ. രാഘവൻ മാസ്റ്റരോട് നഗരസഭാധികൃതർ അനാദരവ് കാണിച്ചുവെന്ന യു.ഡി.എഫ് കുറ്റപ്പെടുത്തലിനെ ചൊല്ലിയാണ് കൗൺസിൽ യോഗത്തിൽ തർക്കമുണ്ടായത്.
സംഭവം നിഷേധിച്ച ചെയർപേഴ്സൺ ജമുനാ റാണി ചോദ്യത്തിന് വിശദീകരണവും നൽകി. ഇതിൽ പിന്നീട് ഇതേ വിഷയത്തിൽ ലീഗ് കൗൺസിലർ ഉപചോദ്യവുമായി എഴുന്നേറ്റതോടെയാണ് തർക്കം ഉണ്ടായത്. അനുവദിക്കാനാവില്ലെന്ന് റൂളിംഗ് വന്നതോടെ ചെയർപേഴ്സൺ ഇരട്ടത്താപ്പ് കാട്ടുന്നതായി കുറ്റപ്പെടുത്തിയാണ് യു.ഡി.എഫ് കൗൺസിലർമാർ ഹാളിൽ നിന്നും ഇറങ്ങിപ്പോയത്. പ്രതിഷേധ ധർണയ്ക്ക് കെ.പി അൻസാരി, പി.പി. ഷാനവാസ്, മോഹനൻ, ഫൈസൽ പുനത്തിൽ, ടി.വി. റാഷിദ, പി.കെ. സോന നേതൃത്വം നൽകി.