കാസർകോട്: വീട്ടമ്മയെയും ഭർത്താവിനെയും ഇരുമ്പ് പൈപ്പ് കൊണ്ടടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ രണ്ട് പ്രതികളെ കോടതി ഒന്നരവർഷം വീതം തടവിന് ശിക്ഷിച്ചു. കുഡ്ലു പുളിക്കൂർ പള്ളത്തെ നബീസയെയും ഭർത്താവിനെയും വീട്ടിൽ അതിക്രമിച്ചുകടന്ന് അടിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതികളായ മധൂർ ഉളിയ ഹൗസിലെ കലന്തർ ബാദുഷ (39), ഉസ്മാൻ (40) എന്നിവരെയാണ് കാസർകോട് അസി. സെഷൻസ് കോടതി ശിക്ഷിച്ചത്. വീട്ടിൽ അതിക്രമിച്ചുകയറിയതിന് ഒരുവർഷം തടവും 2000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരുമാസം അധികതടവ് അനുഭവിക്കണം. ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചതിന് ആറുമാസം തടവും ആയിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ 15 ദിവസം തടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. 2018 ഡിസംബർ 12നാണ് കേസിനാസ്പദമായ സംഭവം. മുൻവൈരാഗ്യത്തെ തുടർന്ന് പ്രതികൾ നബീസയുടെ വീട്ടിൽ അതിക്രമിച്ചുകടന്ന് അക്രമം നടത്തിയെന്നാണ് കേസ്. അന്നത്തെ കാസർകോട് എസ്.ഐ മോഹനനാണ് ഈ കേസിൽ അന്വേഷണം നടത്തിയത്. പിന്നീട് എസ്.ഐ ഭവീഷ് കുറ്റപത്രം നൽകുകയായിരുന്നു.