cpm

തളിപ്പറമ്പ്: സി.പി.എം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ വിഭാഗീയത ആരോപിച്ച് ഇറങ്ങിപ്പോയ കോമത്ത് മുരളീധരൻ ഉൾപ്പെടെ ആറുപേർക്കെതിരെ നടപടിയുണ്ടാകും.കഴിഞ്ഞ ദിവസം ചേർന്ന നോർത്ത് ലോക്കൽ കമ്മിറ്റിയോഗം നടപടിക്ക് ഏരിയ കമ്മിറ്റയോട് ശുപാർശ ചെയ്തതായാണ് വിവരം. കോമത്ത് മുരളീധരനും മറ്റ് അഞ്ചു പേർക്കും ലോക്കൽ കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. എന്നാൽ വിശദീകരണം നൽകാൻ ഇവർ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് മുരളീധരൻ, മകൻ അമൽ, കെ.എം. വിജേഷ്, എം.വിജേഷ്, ബിജു, സച്ചിൻ എന്നിവർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തത്.
മുരളീധരൻ ഒഴികെയുള്ളവർ മാന്ധംകുണ്ടിൽ പാർട്ടി ലോക്കൽ കമ്മിറ്റിക്കെതിരെ നടത്തിയ പ്രകടനത്തിൽ പങ്കെടുത്തവരാണ്. അതേസമയം ബ്രാഞ്ച് സെക്രട്ടറി സ്ഥാനം രാജിവച്ച ഡി.എം. ബാബു, കെ. സതീശൻ എന്നിവർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടില്ല.കടുത്ത വിഭാഗീയതയെ തുടർന്ന് തളിപ്പറമ്പ് നോർത്ത് ലോക്കൽ മൂന്ന് ബ്രാഞ്ച് പരിധിയിലും പ്രവർത്തകരെയും അനുഭാവികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള കുടുംബയോഗങ്ങൾ റസിഡൻസ് അസോസിയേഷൻ എന്ന പേരിൽ യോഗം ചേർന്നിരുന്നു. മൂന്ന് കുടുംബ യോഗങ്ങളിലുമായി ഇരുനൂറിലധികം പേർ പങ്കെടുത്തുവെന്നാണ് വിമതർ അവകാശപ്പെടുന്നത്. പ്രശ്നപരിഹാരത്തിനായി മുൻ എം.എൽ.എയും പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ജയിംസ് മാത്യുവിന്റെ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല.

വിഷയം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെട്ടതോടെ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി എം.വി. ഗോവിന്ദൻ കീഴാറ്റൂരിലെത്തി വിമതരോട് ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. എന്തുസംഭവിച്ചാലും അടിയറവ് പറയില്ലെന്ന ഉറച്ചനിലപാടിലാണ് വിമതർ. ഏരിയാ, ലോക്കൽ നേതൃത്വങ്ങളുടെ അവഗണനയുടെ പേരിൽ തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ നിന്ന് ഇറങ്ങിവന്ന കോമത്ത് മുരളീധരന്റെ നേതൃത്വത്തിൽ നൂറോളം സി.പി.എമ്മുകാർ സി.പി.ഐയിലേക്ക് പോകാനുള്ള നീക്കവും സജീവമാണ്.

പേരാവൂർ, കണ്ണൂർ വെസ്റ്റ് ലോക്കൽ, തളിപ്പറമ്പ് നോർത്ത് ലോക്കൽ എന്നീ സമ്മേളനങ്ങളിലെ വിഭാഗീയ പ്രവർത്തനം ഗൗരവത്തോടെയാണ് സി.പി.എം ജില്ലാ നേതൃത്വം കാണുന്നത്. ഏരിയാ സമ്മേളനത്തിനു മുമ്പായി പ്രശ്ന പരിഹാരത്തിനുള്ള വഴി തേടുകയാണ് നേതൃത്വം. അത്യാവശ്യ സന്ദർഭങ്ങളിൽ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലുണ്ടായേക്കുമെന്നാണ് ജില്ലാ നേതൃത്വം നൽകുന്ന സൂചന.