തളിപ്പറമ്പ്: പരിയാരം കടന്നപ്പള്ളി കിഴക്കേക്കര ചന്ദപ്പുരക്കടുത്ത് മംഗലശേരി ധർമ്മശാസ്താം ക്ഷേതത്തിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ .കൈതപ്രം കമ്പിപ്പാലത്തിന് സമീപം താമസിക്കുന്ന ആനയടി പടിഞ്ഞാറ്റ ഹരിദാസാണ്(43) പിടിയിലായത്. പരിയാരം സി.ഐ: എ.വി. ബാബുവിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിനൊടുവിൽ എസ്.ഐ എ.വി. സതീശനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അന്നൂർ സ്വദേശിയായ ഹരിദാസ് ഏറെക്കാലമായി ഇയാൾ കൈതപ്രത്താണ് താമസം. നേരത്തെ കൈതപ്രം തൃക്കുരി ക്ഷേത്രത്തിൽ കവർച്ച നടത്തിയ കേസിൽ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ ആഗസ്റ്റിലാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. കവർച്ച നടന്ന ദിവസം ഇയാളുടെ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ക്ഷേത്ര പരിസരത്താണെന്ന് തെളിഞ്ഞതാണ് വഴിത്തിരിവായത്. കഴിഞ്ഞ 21ന് രാത്രിയായിരുന്നു ധർമ്മശാസ്താം ക്ഷേത്രത്തിൽ കവർച്ച നടന്നത്. ക്ഷേത്രത്തിന് പുറത്തെ ഇരുമ്പ് ഭണ്ഡാരം തകർത്തും ഓഫീസിന്റെ പൂട്ടുതകർത്തുമാണ് മോഷ്ടാവ് ഇവിടെ നിന്ന് പണം കവർന്നത്.