തലശ്ശേരി: എഡ്വേർഡ് ബ്രണ്ണന്റേയും ഓവർ ബെറി സായ് വിന്റേയും ഇഷ്ടഭൂമികയായ തലശ്ശേരി ഇപ്പോൾ വിനോദ സഞ്ചാരികളുടേയും സിനിമാ ഷൂട്ടിംഗുകാരുടേയും പ്രിയപ്പെട്ട ഇടമായി മാറുന്നു.ഒരു കാലത്ത് ഇന്ത്യയുടെ സമുദ്ര പ്രവേശന കവാടമായിരുന്ന ചരിത്രപ്രധാന്യമുള്ള തലശ്ശേരിയുടെ കടലോരം അടിമുടി മാറിയതോടെയാണ് സിനിമാക്കാരുടെ പ്രിയപ്പെട്ട ലൊക്കേഷനുകളിലൊന്നായി മാറിയത്.
പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി കടൽത്തീരവും പരിസരത്തെ ഇടുങ്ങിയ റോഡുകളും സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ മാറ്റം വരുത്തിയതാണ് ഗുണമായത്.മറ്റൊരു കേരളീയ തീരത്തും കാണാനാവാത്ത വിധം നിരനിരയായുള്ള കൂറ്റൻ പാണ്ടികശാലകളും. മട്ടാഞ്ചേരിയിലെ തെരുവുകളെ ഓർമ്മിപ്പിക്കുന്ന കടുസ്സായ റോഡുകളും, പൗരാണിക തുറമുഖനഗരത്തിന്റെ പ്രൗഢിക്ക് ചേരുന്നവയാണ്.ടൊവിനോ തോമസിനെ നായകനാക്കി ആഷിക് ഉസ്മാൻ- ഖാലിദ് റഹ് മാൻ ടീം അണിയിച്ചൊരുക്കുന്ന തല്ലുമാല സിനിമയുടെ പ്രധാന ലൊക്കേഷനാണിപ്പോൾ ഇവിടം. കടൽപാലം പരിസരത്തെ റോഡുകൾ രണ്ടു ദിവസത്തിനുള്ളിൽ ആകെ മാറി. ഇവിടെയുള്ള പഴക്കമേറിയ പാണ്ടികശാലകളുടെ ചുവരുകളെല്ലാം വർണ്ണചിത്രങ്ങളാൽ അലങ്കരിച്ചിരിക്കുകയാണ്. തല്ലുമാലയുടെ ചിത്രീകരണത്തിന്റെ ഏറിയ ഭാഗവും ഇവിടെയായിരിക്കും ചിത്രീകരിക്കുന്നത്.
പാലിശ്ശേരി സീവ്യൂ പാർക്ക് പരിസരത്തെ സി.പി. മൂസക്കേയിയുടെ ബംഗ്ലാവിലാണ് ബുധനാഴ്ച്ച ഷൂട്ടിംഗ് നടന്നത്. പിയർ റോഡിലെ പഴഞ്ചൻ കെട്ടിടത്തിലെ ചുവരുകൾ മുഴുവൻ വിവിധ ചായങ്ങളിൽ ഡിസൈൻ ചെയ്തതോടെ തലശ്ശേരിയുടെ തീരദേശത്തിന് പണ്ടെങ്ങുമില്ലാത്ത ചാരുത കൈവന്നിരിക്കുകയാണ്.
മാറ്റു കൂട്ടി നടപ്പാത
കടൽപാലത്തോട് ചേർന്ന് നടപ്പാത യാഥാർത്ഥ്യമായത് തലശ്ശേരിയുടെ സൗന്ദര്യം വർദ്ധിപ്പിച്ചു. പഴയ പോർട്ട് ഓഫിസ് മുതൽ കടൽപാലം വരെയുള്ള ഭാഗത്താണ് ആഴ്ചകൾക്ക് മുമ്പ് നടപ്പാത നിർമ്മിച്ചത്. വിനോദത്തിനെത്തുന്നവർക്ക് സിമന്റിൽ പണിത ഇരിപ്പിടവും വൈദ്യുതി വിളക്കുകളും ഇവിടെ സ്ഥാപിച്ചിരുന്നു. പരിസരത്തെ റോഡ് നവീകരിച്ചിട്ടുണ്ട്. തലശ്ശേരിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ഇവിടം മാറുകയാണ്. വൈകുന്നേരങ്ങളിൽ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. അസ്തമയക്കാഴ്ചയും ധർമ്മടം ദീപിന്റെ ദൂരക്കാഴ്ചയുമെല്ലാം ആസ്വദിച്ചാണ് സഞ്ചാരികൾ മടങ്ങുന്നത്.അപകടാവസ്ഥയിലായ കടൽപ്പാലം കൂടി നവീകരിക്കപ്പെടുന്നതോടെ ചരിത്രഗാഥകളുറങ്ങുന്ന ഈ പൈതൃക തീരത്തിന് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ട ഇടം ലഭിക്കുമെന്നുറപ്പാണ്.