തലശ്ശേരി: തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ഞരളക്കാട്ടിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷം നാളെ രാവിലെ 11ന് തലശ്ശേരി സാൻജോസ് മെട്രോപ്പൊളിറ്റൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സീറോ മലബാർ സഭ അദ്ധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് കാർഡിനൽ മാർ ജോർജ്ജ് ആലഞ്ചേരി അദ്ധ്യക്ഷത വഹിക്കും. ജൂബിലി സ്മാരക എയ്ഞ്ചൽ ഡയാലിസിസ് സഹായ പദ്ധതി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും.
മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി സ്മാരക 500ാ മത് ഭവനത്തിന്റെ താക്കോൽദാനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. സെന്റ് ജോസഫ്സ് ആശുപത്രി കെ. സുധാകരൻ എം.പിയും, ജൂബിലി സ്മാരക സൗജന്യ കണ്ണട വിതരണ പദ്ധതി തലശ്ശേരി ആർച്ച് ബിഷപ്പ് എമിരറ്റസ് മാർ ജോർജ്ജ് വലിയമറ്റവും ഉദ്ഘാടനം ചെയ്യും.
ജൂബിലി സ്മരണിക കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ പ്രകാശനം ചെയ്യും. പി.ജെ ജോസഫ് എം.എൽ.എ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങൾ, കെ. മുരളീധരൻ എം.പി, രാജ് മോഹൻ ഉണ്ണിത്താൻ എം.പി എന്നിവർ മുഖ്യാതിഥികളായിരിക്കും. ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, എം.എൽ.എമാരായ എ.എൻ ഷംസീർ, സണ്ണി ജോസഫ്, സജീവ് മാറോളി, നഗരസഭാ അദ്ധ്യക്ഷ ജമുനാ റാണി തുടങ്ങിയവർ സംബന്ധിക്കുമെന്ന് മാർ ജോർജ് ഞറളക്കാട്ട്, സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി, ഫാ. തോമസ് തെങ്ങുംപള്ളിൽ, ഫാ. ടോം ഓലിക്കരോട്ട്, ജോർജ്ജ് തയ്യിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.