ധർമ്മടം: വ്യവസായ വകുപ്പിന് കീഴിലുള്ള പാലയാട് സിഡ്‌കോ വ്യവസായ എസ്‌റ്റേറ്റിൽ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായുള്ള നവീകരണ പ്രവൃത്തികൾ പൂർത്തിയായി. നവീകരിച്ച ധർമ്മടം പാലയാട് വ്യവസായ എസ്റ്റേറ്റിന്റെ ഉദ്ഘാടനം നാളെ ഉച്ചക്ക് 12.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

വ്യവസായ അടിസ്ഥാന സൗകര്യം, അസംസ്‌കൃത പദാർത്ഥ വിപണനം, നിർമ്മാണം, ചെറുകിട വ്യവസായ ഉൽപന്നങ്ങളുടെ വിപണനം, ഉൽപാദനം എന്നിങ്ങനെ അഞ്ച് ഡിവിഷനുകളിലായാണ് കേരള സിഡ്‌കോയുടെ പ്രവർത്തനങ്ങൾ.

45 ചെറുകിട യൂണിറ്റുകൾ

പാലയാട് സിഡ്‌കോയിൽ ഭക്ഷ്യോൽപ്പന്നങ്ങൾ, ഹെയർ ഓയിൽ, പ്ലാസ്റ്റിക്, ചെരുപ്പ്, ഫർണിച്ചറുകൾ തുടങ്ങിയ വിവിധ നിർമ്മാണ യൂണിറ്റുകളുൾപ്പെടെ നിലവിൽ 45 ചെറുകിട വ്യവസായ യൂണിറ്റുകളാണുള്ളത്.

എസ്റ്റേറ്റ് നവീകരണത്തിന്റെ ആദ്യഘട്ടത്തിൽ ഇൻഡസ്ട്രിയൽ ഫെസിലിറ്റി സെന്റർ, അഴുക്കുവെള്ളം ശുദ്ധീകരിക്കാനുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റ് ഇവയുടെ ഇലക്ട്രിക്കൽ പ്രവൃത്തികൾ, മഴവെള്ള സംഭരണി, ചുറ്റുമതിൽ, ഓവുചാൽ എന്നിവയാണ് പൂർത്തീകരിച്ചത്. രണ്ടാംഘട്ടത്തിൽ ഓവുചാൽ, അലങ്കാര ചുറ്റുമതിൽ, പ്രവേശന കവാടം, സെക്യൂരിറ്റി ക്യാബിൻ, അറുപത് തെരുവുവിളക്കുകൾ, എസ്റ്റേറ്റിനകത്തുള്ള 868 മീറ്റർ റോഡ്, സിവിൽ ഇലക്ട്രിക് പ്രവൃത്തികൾ എന്നിവയാണ് പൂർത്തീകരിച്ചത്. രണ്ടു ഘട്ടങ്ങളിലുമായി 5.5 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികളാണ് സിഡ്‌കോ പൂർത്തീകരിച്ചത്. 2018 ലാണ് നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചത്. സിഡ്‌കോ എസ്‌റ്റേറ്റ് പരിസരത്ത് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ വി. ശിവദാസൻ എം.പി അദ്ധ്യക്ഷത വഹിക്കും.

വ്യവസായ എസ്റ്റേറ്റ് നവീകരിക്കണമെന്ന സംരംഭകരുടെയും തൊഴിലാളികളുടെയും ആവശ്യം പരിഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടർന്നാണ് വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കിയത്.

പി.ഡി. ഷൈമോൾ

ഇന്റസ്ട്രിയൽ എസ്റ്റേറ്റ് മാനേജർ

വ്യവസായ എസ്റ്റേറ്റ് നവീകരിക്കാനുള്ള തീരുമാനം ചെറുകിട വ്യവസായികൾക്ക് ഏറെ ആത്മവിശ്വാസം പകരുന്നതാണ്. കൊവിഡിനെ തുടർന്ന് തക‌ർന്ന് കിടക്കുകയായിരുന്ന വ്യവസായത്തിന് പുത്തനുണർവ്വ് പകരുന്ന സർക്കാരിന്റെ പ്രവർത്തനങ്ങളെ സ്വാഗതം ചെയ്യുന്നു.

ടി. സുരേന്ദ്രൻ, മാനേജിംഗ് ഡയറക്ടർ, സ്വാഹ ഇൻഡസ്ട്രീസ്, പാലയാട്