കൂത്തുപറമ്പ്: വൃദ്ധന്റെ ദേഹത്ത് മദ്യം ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ മാങ്ങാട്ടിടം സ്വദേശികളായ വൈഷ്ണവ്, വജീഷ് എന്നിവരെ കൂത്തുപറമ്പ് ഇൻസ്‌പെക്ടർ ബിനു മോഹൻ അറസ്റ്റ് ചെയ്തു. മാങ്ങാട്ടിടം കിണറ്റിന്റവിടെയിലെ പി.ഗംഗാധരന്റെ (65) ദേഹത്താണ് കഴിഞ്ഞ ദിവസം മദ്യം ഒഴിച്ച ശേഷം തീ കൊളുത്തിയത്. മദ്യലഹരിയിൽ മൂവരും തമ്മിൽ വഴക്കിട്ട ശേഷം ഗംഗാധരന്റെ ദേഹത്ത് മദ്യം മൊഴിച്ച ശേഷം തീവയ്ക്കുകയുമാണുണ്ടായതെന്നാണ് മൊഴി.
ബാക്കി വന്ന മദ്യം കഴിക്കുന്നത് സംബന്ധിച്ച തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നണ് ഗംഗാധരൻ പറയുന്നത്. നെഞ്ചിലും, കൈകളിലും സാരമായി പരുക്കേറ്റ വൃദ്ധനെ നാട്ടുകാരാണ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിൽ കഴിയുന്ന ഗംഗാധരൻ അപകടനില തരണം ചെയ്തിട്ടുണ്ട്.ഗംഗാധരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് പൊലീസ് വധശ്രമത്തിനാണ് കേസെടുത്തിരുന്നത്. കൂത്തുപറമ്പ് സി.ഐ.ബിനു മോഹൻ, ജില്ലാ ഫോറൻസിക് ഓഫീസർ പി ശ്രീജ എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.