പയ്യന്നൂർ: ഒരു ഗ്രാമത്തിന്റെയാകെ മുഖച്ഛായ മാറ്റുന്ന സന്നദ്ധ പ്രവർത്തനങ്ങളുമായി പയ്യന്നൂർ കോളേജ് എൻ.എസ്.എസ് യൂണിറ്റ്. ചെറുതാഴം ഗ്രാമ പഞ്ചായത്തിലെ കുളപ്പുറം ഗ്രാമം ദത്തെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്. കുളപ്പുറം വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ.വി.വി.രവീന്ദ്രൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വായനശാലയുടെ ഗുണഭോക്താക്കളായ 20 ക്ലസ്റ്ററുകളിലെ 600 കുടുംബങ്ങൾ പദ്ധതിയുടെ ഭാഗമായി മാറുന്നതോടൊപ്പം കുളപ്പുറം ഗ്രാമത്തിന്റെ മുഖച്ഛായ മാറുന്ന വിധത്തിൽ പത്ത് സന്നദ്ധ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരൻ അദ്ധ്യക്ഷത വഹിക്കും. പയ്യന്നൂർ എഡ്യുക്കേഷൻ സൊസൈറ്റി പ്രസിഡന്റ് കെ.രാമചന്ദ്രൻ, കോളേജ് പ്രിൻസിപ്പൽ ഡോ. പ്രേമചന്ദ്രൻ കീഴോത്ത് എന്നിവർ ധാരണാപത്രം കൈമാറും. വാർത്താ സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, പ്രോഗ്രാം ഓഫീസർ ഡോ. കെ.വി. സുജിത്, കുളപ്പുറം വായനശാലാ ഭാരവാഹികളായ എം. ദിവാകരൻ, വി.വി.മനോജ് കുമാർ, ടി.ടി.രാകേഷ് എന്നിവർ സംബന്ധിച്ചു.