കാസർകോട്: ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കല്ലൂരാവി പഴയ കടപ്പുറത്തെ അബ്ദുൽറഹ്മാൻ ഔഫിനെ (28) കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് (രണ്ട്) കോടതിയിൽ ആരംഭിക്കും. വിചാരണാ നടപടികൾക്ക് മുന്നോടിയായി ക്രൈംബ്രാഞ്ച് കുറ്റപത്രം ഉൾപ്പെടെയുള്ള കേസ് ഫയലുകൾ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി ജില്ലാ അഡീഷണൽ സെഷൻസ് കോടതിക്ക് കൈമാറി.
പ്രാഥമിക നടപടിക്രമങ്ങളുടെ ഭാഗമായി ഹാജരാകാൻ കോടതി പ്രതികൾക്ക് സമൻസയച്ചെങ്കിലും ഇവർ ഹാജരായില്ല. ഇതേ തുടർന്ന് കേസ് അടുത്ത മാസത്തേക്ക് മാറ്റിവച്ചു. 2020 ഡിസംബർ 23 ന് രാത്രി മുണ്ടത്തോട്ബാവ നഗറിൽ വച്ചാണ് ഔഫ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് യൂത്ത് ലീഗ് മുനിസിപ്പൽ സെക്രട്ടറി പി.എം ഇർഷാദ് (29), എം.എസ്.എഫ് നേതാവ് മുണ്ടത്തോട് തലയില്ലത്ത് ഹസൻ (30), യൂത്ത് ലീഗ് പ്രവർത്തകൻ മുണ്ടത്തോട് ഹാഷിർ (27) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ഹൊസ്ദുർഗ് പൊലീസാണ് കേസിൽ ആദ്യം അന്വേഷണം നടത്തിയതെങ്കിലും സംഭവത്തിൽ ഗൂഢാലോചന നടന്നതായി ഔഫിന്റെ കുടുംബം ആരോപിച്ചതിനെ തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി കെ.കെ മൊയ്തീൻകുട്ടി, കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ. ദാമോദരൻ എന്നിവരുടെ നേതൃത്വത്തിൽ കേസിൽ അന്വേഷണം പൂർത്തിയാക്കുകയും ഹൊസ്ദുർഗ് കോടതിയിൽ കുറ്റപത്രം നൽകുകയുമായിരുന്നു.