കാസർകോട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ ചേർന്ന് വൃക്ക രോഗികൾക്കായി തയ്യാറാക്കുന്ന കാസർകോട് ഇനിഷ്യേറ്റീവ് ഫോർ ഡയാലാസിസ് സൊസൈറ്റിക്ക് (കിഡ്സ്) സംസ്ഥാന ഏകോപന സമിതിയുടെ അംഗീകാരം. ജില്ലയിലെ 9 കേന്ദ്രങ്ങളിൽ ഡയാലിസിസ് സൗകര്യമൊരുക്കി പാവങ്ങളായ വൃക്കരോഗികൾക്ക് ആശ്വാസമേകുന്നതാണ് പദ്ധതി. ജില്ലയുടെ തനത് പദ്ധതിയെന്ന നിലയിൽ അംഗീകാരം ലഭിച്ചതോടെ 9 ഇടങ്ങളിലും നവംബർ അഞ്ചിനകം മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കാൻ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു.
അതാത് ഡയാലിസിസ് കേന്ദ്രങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്/ നഗരസഭാ അദ്ധ്യക്ഷൻ ചെയർമാനായും ജില്ലാ പഞ്ചായത്ത് അംഗങ്ങൾ വൈസ് ചെയർമാനും മെഡിക്കൽ ഓഫീസർമാർ/ സൂപ്രണ്ടുമാർ കൺവീനർമാരുമായാണ് മാനേജ്‌മെന്റ് കമ്മിറ്റി നിലവിൽ വരിക. നവംബർ 15നകം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടത്തി രോഗികൾക്ക് സേവനം ലഭ്യമാക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ പറഞ്ഞു.
നീലേശ്വരം, മുളിയാർ, പെരിയ എന്നിവിടങ്ങളിൽ ഡയാലിസിസ് കേന്ദ്രം തുടങ്ങുന്നതിനുള്ള ജലപരിശോധനാ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. പുടംകല്ല്, ബദിയടുക്ക എന്നിവിടങ്ങളിൽ അറ്റകുറ്റപ്പണികൾ നടന്നു വരുന്നു. മറ്റു നാല് കേന്ദ്രങ്ങൾ പ്രവർത്തന സജ്ജമാണ്. പദ്ധതിയുടെ ജില്ലാ കോ-ഓർഡിനേറ്ററായി തൃക്കരിപ്പൂർ സി.എച്ച്.സിയിലെ ഡോ. വി.സുരേശനെയും ജില്ലാ പഞ്ചായത്ത് പ്രതിനിധിയായി ഫിനാൻസ് ഓഫീസർ ദിലീപിനെയും ചുമതലപ്പെടുത്തി. ജില്ലാ മെഡിക്കൽ ഓഫീസറാണ് നിർവഹണ ഉദ്യോഗസ്ഥൻ.