കണ്ണൂർ: കൊവിഡ് വ്യാപനത്തിനിടെ ജീവൻ പണയം വച്ച് രാവും പകലുമില്ലാതെ ജോലി ചെയ്യുന്ന ആശാവർക്കർമാർക്ക് മൂന്ന് മാസമായി ശമ്പളമില്ലാതായിട്ടും സർക്കാരിന്റെ മനസ് അലിയുന്നില്ല. കിട്ടുന്ന അഭിനന്ദനം കൊണ്ട് കുടുംബം പോറ്റാൻ കഴിയുമോയെന്നാണ് ഇവരുടെ ചോദ്യം. മുടങ്ങിയ ശമ്പളം കിട്ടാൻ മുട്ടാത്ത വാതിലുകളില്ല. ആരോഗ്യമേഖലയിലെ ഇതര ജീവനക്കാർക്ക് ശമ്പളവും ഇൻസെന്റീവും മറ്റും മുടങ്ങാതെ നൽകുമ്പോൾ തങ്ങളെ ആരും തിരിഞ്ഞു നോക്കുന്നില്ലെന്ന പരിഭവത്തിലാണിവർ.
സംസ്ഥാനത്താകെയുള്ളത് 26,475 ആശാ വർക്കർമാരാണ്. രാവും പകലുമില്ലാതെ ജോലി ചെയ്താൽ ഇവർക്ക് ലഭിക്കുന്നത് തുച്ഛമായ ശമ്പളം മാത്രം. 500 രൂപയായിരുന്നു ആദ്യം ആശാവർക്കർമാർക്ക് ലഭിച്ചിരുന്ന ഓണറേറിയം. ഇപ്പോഴത് 6000 രൂപയാണെങ്കിലും ചെയ്യുന്ന ജോലിയുമായി താരതമ്യപ്പെടുത്തിയാൽ വളരെ തുച്ഛമാണ്. ഇതൊക്കെയാണെങ്കിലും ജോലി ചെയ്യാൻ ഇവർ ഒട്ടും മടി കാട്ടുന്നില്ല. ജോലിക്ക് ഒരു കുറവുമില്ല താനും. ഓണറേറിയം വിതരണം മുടങ്ങിയതോടെ ഈ മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികൾ കടുത്ത ദുരിതത്തിലാണ്. മഹാമാരിക്കാലത്ത് സ്വന്തം ജീവസുരക്ഷയും ജീവിത പ്രശ്‌നങ്ങളും മാറ്റിവച്ച് ആരോഗ്യ പ്രവർത്തകർക്കൊപ്പം പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടവരാണ് ആശാ വർക്കർമാർ. 6000 രൂപ ഓണറേറിയം, 2000 രൂപ സ്ഥിര ഇൻസെന്റീവ്, 1000 രൂപ കൊവിഡ് ഇൻസെന്റീവ് എന്നിങ്ങനെ പ്രതിമാസം 9000 രൂപയാണ് ആകെ ലഭിക്കുന്നത്.
കൊവിഡ് രോഗികളുടെ ക്വാറന്റൈൻ, വാക്‌സിനേഷൻ, മരുന്ന് വിതരണം എന്നിവയുടെ ചുമലതലകളെല്ലാം ആശാ വർക്കർമാർക്കാണ്. കൂടാതെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച റാപ്പിഡ് റെസ്‌പോൺസ് ടീമിലും ഇവർ അംഗങ്ങളാണ്. പ്രതിദിനം തങ്ങളുടെ പ്രദേശങ്ങളിലെ കൊവിഡ് രോഗികളുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയ്യാറാക്കി ഡി.എം.ഒ, വാർഡ് കൗൺസിലർ, അതത് പൊലീസ് സ്‌റ്റേഷൻ, അംഗൻവാടി അദ്ധ്യാപിക എന്നിവർക്ക് അയക്കേണ്ട ഉത്തരവാദിത്വവും ഇവർക്കാണ്. ഭക്ഷണം, യാത്ര ചിലവ് എന്നിവയടക്കം ഭീമമായ ചിലവും വഹിച്ചാണ് ഇവരുടെ യാത്രകൾ. മൂന്നു മാസമായി ശമ്പളം മുടങ്ങിയിട്ട്. മഹാമാരിക്കിടയിലും ജോലി ഭാരം കൂടുതലാണ്. വിശ്രമമെടുക്കാൻ പോലും കഴിയുന്നില്ല. അതിനിടയിലാണ് ശമ്പള നിഷേധം.