കണ്ണൂർ: പുതിയ ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണം നീളുന്നതിനാൽ നിലവിലെ കെട്ടിടത്തിന്റെ മുഖം മിനുക്കാനൊരുങ്ങി കോർപ്പറേഷൻ. ജനസൗഹൃദ ഓഫീസാക്കി മാറ്റുന്നതിനുള്ള നടപടികൾ മേയറുടെ നേതൃത്വത്തിൽ ആരംഭിച്ചു. കിഫ്ബിയിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടം നിർമ്മിക്കാൻ പ്ലാനും എസ്റ്റിമേറ്റും അംഗീകരിച്ചുവെങ്കിലും ഫണ്ട് അനുവദിക്കുന്ന കാര്യത്തിൽ കാണിക്കുന്ന അലംഭാവം കാരണം നിർമ്മാണ പ്രവൃത്തി അനന്തമായി നീളുകയാണ്.
ഇതേ തുടർന്നാണ് നിലവിലുള്ള കെട്ടിടത്തിൽ അറ്റകുറ്റപണി നടത്താൻ തീരുമാനിച്ചത്. ഇതനുസരിച്ച് കോർപ്പറേഷനിലെ ജനസേവന കേന്ദ്രം മറ്റൊരു റൂമിലേക്ക് മാറ്റാനും ജനസേവന കേന്ദ്രത്തിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കാനുമാണ് തീരുമാനം. മാത്രമല്ല വിവിധ ക്ഷേമപെൻഷനുമായി ബന്ധപ്പെട്ട ഓഫീസ്, പി.എം.വൈ.എ ഭവന നിർമ്മാണ പദ്ധതിയുടെ ഓഫീസ് എന്നിവ താഴത്തെ നിലയിൽ മാറ്റും. ഇതിന്റെ പണികൾ ആരംഭിച്ചു കഴിഞ്ഞു. അറ്റകുറ്റപണി പൂർത്തിയാകുമ്പോൾ ജനസൗഹൃദ കോർപ്പറേഷനായി കണ്ണൂരിനെ മാറ്റുമെന്ന് മേയർ ടി.ഒ മോഹനൻ പറഞ്ഞു. ജോലി ചെയ്യുന്ന ജീവനക്കാർക്ക് കാബിൻ തിരിച്ച് സൗകര്യപ്രദമായ ഇരിപ്പിടം ഒരുക്കുന്നതിനും പദ്ധതിയുണ്ട്. നവീകരണത്തിന്റെ ഭാഗമായി ഓഫീസിന് മുന്നിലെ മരം മുറിച്ച് മാറ്റുകയും ഔഷധ ചെടികൾ നട്ട സ്ഥലത്ത് പുൽത്തകിടിയും ചെടികളെല്ലാം കൂടുതൽ സൗകര്യപ്രദമായി ഒരുക്കുവാനും നടപടിയാരംഭിച്ചിട്ടുണ്ട്.