bus-stand
തകർച്ചാ ഭീഷണി നേരിടുന്ന ബസ് സ്റ്റാൻഡിലെ സ്ത്രീകളുടെ കാത്തിരിപ്പ് കേന്ദ്രം

കാഞ്ഞങ്ങാട്: കോൺക്രീറ്റ് സ്ലാബ് അടർന്നുവീണ് തകർച്ചാ ഭീഷണി നേരിടുന്ന കോട്ടച്ചേരി ബസ് സ്റ്റാൻഡിലെ സ്ത്രീകളുടെ കാത്തിരിപ്പ് കേന്ദ്രം അടച്ചിട്ടു. കെട്ടിടത്തിന്റെ തെക്കു ഭാഗത്ത് സ്ത്രീകൾ ബസ് കാത്തു നിൽക്കുന്നയിടത്ത് ഹാളിന്റെ സീലിംഗുകൾ അടർന്നുവീഴാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇത് തുടർന്ന് ഇപ്പോൾ ഈ ഭാഗത്തു നിന്നും യാത്രക്കാരെ മാറ്റി നിർത്താൻ വേലികെട്ടി തിരിച്ചിക്കുകയാണ്.

നേരത്തെ സീലിംഗുകൾക്ക് ഭീഷണിയുണ്ടായിരുന്നുവെങ്കിലും തൊട്ടടുത്ത കടയുടെ സ്ലാബ് തകർത്ത് മുകളിലെ മുറിയിലേക്ക് കോണിപ്പടി കെട്ടിയിരുന്നു. ഇതിനായി സ്ലാബ് തകർത്തപ്പോഴാണ് ബസ് കാത്തിരിപ്പു കേന്ദ്രത്തിനു പ്രഹരമേറ്റത്. കെട്ടിട നിർമ്മാണത്തിലെ അപാകതയും കാലപ്പഴക്കവും കൊണ്ട് മൂന്നാം നിലയിലെ പല മുറികളുടെയും സീലിംഗുകൾ തകർന്നിട്ടുണ്ട്. അലാമിപ്പള്ളി ബസ് സ്റ്റാൻ‌ഡ് യാഥാർത്ഥ്യമായതോടെ കോട്ടച്ചേരി ബസ് സ്റ്റാൻഡ് പാർക്കിംഗ് പ്ലാസയായി മാറ്റുമെന്നായിരുന്നു അന്നത്തെ ചെയർമാന്റെ വാഗ്ദാനം.