കൂത്തുപറമ്പ്: നഗരസഭയിലെ അനധികൃത മാലിന്യ നിക്ഷേപത്തിനെതിരെ കർശന നടപടികളുമായി അധികൃതർ രംഗത്ത്. മാലിന്യം തള്ളാനെത്തിയ നാൽപ്പതോളം വാഹനങ്ങൾക്കെതിരെയാണ് ഒറ്റ ദിവസംകൊണ്ട് അധികൃതർ നടപടി സ്വീകരിച്ചിട്ടുള്ളത്. മാലിന്യ നിർമ്മാർജ്ജനത്തിനായി വിവിധ പദ്ധതികളാണ് കൂത്തുപറമ്പ് നഗരസഭ അധികൃതർ സ്വീകരിച്ചിരുന്നത്.
ഉറവിടങ്ങളിൽ വച്ച് തന്നെ മാലിന്യങ്ങൾ നിർമ്മാർജനം ചെയ്യുന്നത്തോടൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാനും പദ്ധതികൾ ആവിഷ്ക്കരിച്ചിരുന്നു. മാലിന്യശേഖരണവും,സംസ്ക്കരണവും സുഗമമാക്കുന്നതിന് വേണ്ടി നെല്ലിക്ക എന്ന പേരിൽ പുതിയ ആപ്പും കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ബൈക്കുകൾ, കാറുകൾ, വാനുകൾ, പിക്കപ്പുകൾ എന്നിവയിൽ നിന്നായി ആയിരം മുതൽ അയ്യായിരം രൂപ വരെയാണ് ഫൈൻ ഇടാക്കിയിട്ടുള്ളത്. സമീപ പഞ്ചായത്തുകളയ മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ് ,വേങ്ങാട്, കോട്ടയം, കതിരൂർ എന്നിവിടങ്ങളിൽ നിന്നും പാനൂർ നഗരസഭ പരിധിയിൽ നിന്നു വരെയുള്ള മാലിന്യങ്ങളാണ് കൂത്തുപറമ്പിൽ കൊണ്ടു തള്ളിയിട്ടുള്ളതെന്ന് ആരോഗ്യ വിഭാഗം ജീവനക്കാർ പറഞ്ഞു. അതേ സമയം ആഴ്ചയിൽ ഒരുദിവസം വീടുകളിലും, സ്ഥാപനങ്ങളിലുമെത്തി മാലിന്യം ശേഖരിക്കുന്ന പ്രവൃത്തി കൂത്തുപറമ്പ് നഗരസഭയിൽ വിജയകരമായി നടന്നു വരികയാണ്.