തളിപ്പറമ്പ്: തളിപ്പറമ്പിൽ വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെട്ടതായ പരാതിയിൽ കഴമ്പുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി വഖഫ് ബോർഡ് ചെയർമാൻ ടി.കെ. ഹംസ. തളിപ്പറമ്പ് ജുമാഅത്ത് പള്ളി കമ്മിറ്റിയുടെ അധീനതയിലുള്ള ജുമാഅത്ത്പള്ളി, കബർസ്ഥാൻ, മത്സ്യമാർക്കറ്റ്, വിവാദമായ മാലിനജല ശുചീകരണ പ്ലാന്റ് എന്നിവ അദ്ദേഹം സന്ദർശിച്ചു. തളിപ്പറമ്പിൽ സി. അബ്ദുൾകരീം ചെയർമാനായി രൂപീകരിച്ച വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ടി.കെ.ഹംസ ഇന്നലെ സന്ദർശനത്തിനെത്തിയത്.

തുടർഅന്വേഷണത്തിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന് ശേഷം ലഭിക്കുന്ന റിപ്പോർട്ടിന് ശേഷം ആവശ്യമായ അനന്തര നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പിലെ മാർക്കറ്റ് ആധുനികവൽക്കരിക്കുന്നതിന് സാമ്പത്തികസഹായം നൽകണമെന്നാവശ്യപ്പെട്ട് സ്വത്ത് സംരക്ഷണസമിതി ചെയർമാൻ സി. അബ്ദുൾകരീം നൽകിയ നിവേദനം പരിഗണിക്കുമെന്നും ടി.കെ.ഹംസ പറഞ്ഞു. കെ.പി.എം. റിയാസുദ്ദീൻ, കെ.പി. അഷറഫ്, എം.പി. റഫീക്ക്, സലാം, ചപ്പൻ മുസ്തഫഹാജി എന്നിവരും ടി.കെ.ഹംസയോടൊപ്പം ഉണ്ടായിരുന്നു.