പയ്യന്നൂർ: പയ്യന്നൂർ കോളേജ് എൻ.എസ്.എസ് യൂണിറ്റ് നടപ്പിലാക്കുന്ന ദത്ത് ഗ്രാമം പദ്ധതിക്ക് തുടക്കമായി. ചെറുതാഴം ഗ്രാമ പഞ്ചായത്തിലെ കുളപ്പുറം ഗ്രാമം ദത്തെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്. കുളപ്പുറം വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ നിർവഹിച്ചു. ചെറുതാഴം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.വി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. കെ.വി.സുജിത്ത് പദ്ധതി വിശദീകരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, കുളപ്പുറം വായനശാല പ്രസിഡന്റ് വി.വി. മനോജ് കുമാറിന് ധാരണാപത്രം കൈമാറി. മുൻ എം.എൽ.എ. ടി.വി. രാജേഷ്, സി.പി. ഷിജു, ഡോ. രാഖി രാഘവൻ, ഡോ. വി.എം സന്തോഷ്, മുഹമ്മദ് മിഥിലാജ് സംസാരിച്ചു. വായനശാല സെക്രട്ടറി ടി.ടി. രാകേഷ് സ്വാഗതവും വി.വി. ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.