നീലേശ്വരം: റോഡ് വികസനത്തിന് വിലങ്ങുതടിയായി പഴകിദ്രവിച്ച സ്വകാര്യ കെട്ടിടം. നീലേശ്വരം - ഇടത്തോട് റോഡ് മെക്കാഡം ടാറിംഗ് പ്രവൃത്തി തുടങ്ങാനിരിക്കെയാണ് കെട്ടിടം പൊളിച്ചുനീക്കണമെന്ന ആവശ്യം ഉയരുന്നത്.
ചായ്യോം ബസാറിലെ വളവിലാണ് വാഹന ഡ്രൈവർമാരുടെ കാഴ്ച മറിക്കുന്ന നിലയിലുള്ള കെട്ടിടം. ചായ്യോം വളവിൽ നിരന്തരം അപകടം നടക്കുന്ന മേഖലയാണ്. കഴിഞ്ഞദിവസം നീലേശ്വരം - ഇടത്തോട് റോഡ് വികസനവുമായി ബന്ധപ്പെട്ട് കിഫ് ബി സംഘം സ്ഥലം സന്ദർശിച്ചപ്പോൾ റോഡ് വീതി കൂട്ടിയാൽ ഉണ്ടാകുന്ന അപകട സാദ്ധ്യത ചൂണ്ടിക്കാട്ടിയിരുന്നു.
കി ഫ്ബി സീനിയർ കൺസൾട്ടന്റ് നഫ്സർ, കെ.ആർ.എഫ്.ബി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ എം. സുജിത് തുടങ്ങിയവരാണ് സ്ഥലം സന്ദർശിച്ചത്.