തൃക്കരിപ്പൂർ: കഥകളി ആചാര്യന്റെ പേരിലുളള സ്കൂളിന്റെ പ്രവേശന കവാടത്തിൽ ഇനി കഥകളി പൈതൃകത്തിന്റെ വർണ്ണ മയൂഖവും. ഇളമ്പച്ചിയിലെ ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ കവാടത്തിലെ മതിലിലാണ്

കഥകളി കലാപൈതൃകത്തിന്റെ ചാരുതയുമായി ഗരിമ റിലീഫ് ചുമർചിത്രങ്ങളായി തെളിയുന്നത്.

സൗത്ത് തൃക്കരിപ്പൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂൾ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടതോടെയാണ് തൃക്കരിപ്പൂർ ഫോക് ലാൻഡിന്റെ ആഭിമുഖ്യത്തിൽ ചന്തുപ്പണിക്കർക്ക് ഉജ്വല സ്മരണ തീർക്കുന്നത്.

പ്രശസ്ത ചുമർചിത്രകലാ വിദഗ്ധൻ കോഴിക്കോട്ടെ കെ ആർ ബാബുവിന്റെ നേതൃത്വത്തിലാണ് സിമന്റിൽ 'വർണമയൂഖം' എന്ന പേരിൽ ചിത്രശില്പഭാഷ്യമൊരുക്കുന്നത്. കഥകളിയിലെ വിവിധ വേഷങ്ങളും ചന്തുപ്പണിക്കരുടെ കലാജീവിതത്തെ ഓർമപ്പെടുത്തുന്ന ചുമർചിത്ര രചനയും പ്രവേശന കവാടത്തെ വർണ, രൂപ വിസ്മയങ്ങളുടെ ഇടമാക്കി മാറ്റും.

ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും മികച്ച കഥകളി നടനായ കലാമണ്ഡലം കൃഷ്ണൻ നായരുടെ ഗുരുവായിരുന്നു ഇളമ്പച്ചി സ്വദേശിയായ ഗുരു ചന്തുപ്പണിക്കർ. ചന്തുപ്പണിക്കർക്കൊപ്പം താഴെക്കാട്ടു മനയിലെ പ്രസിദ്ധമായ കഥകളിയോഗത്തെ ത്രസിപ്പിച്ചു നിർത്തിയ മറ്റു രണ്ട് കഥകളി നടൻമാരായിരുന്നു ചിണ്ടപ്പണിക്കരും അമ്പുപ്പണിക്കരും.

ചെന്നൈ കലാക്ഷേത്രയിൽ കഥകളി ഗുരുവായ ചന്തുപ്പണിക്കർ കലാലോകമാകെ പഴയ കാലത്ത് നാടിന്റെ യശസ്സുയർത്തിപ്പിടിച്ചെങ്കിലും സ്വദേശത്തെ പുതിയ തലമുറയ്ക്ക് ഇന്ന് അന്യമാണ്. കലാലോകത്ത് അദ്ഭുത വിസ്മയങ്ങൾ തീർത്ത ഗുരു ചന്തുപ്പണിക്കരുടെ സ്മരണ നിലനിർത്താൻ സർക്കാർ അടുത്ത കാലത്താണ് വിദ്യാലയത്തെ പുനർനാമകരണം ചെയ്തത്. റിലീഫ് മ്യൂറൽ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ. രഘുനാഥ് അധ്യക്ഷനായിരുന്നു. ഫോക് ലാൻഡ് ചെയർമാൻ ഡോ.വി. ജയരാജൻ ആമുഖഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ എം. മനു, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.എൻ.വി ഭാർഗവി, വി.പി സുനീറ, മദർ പി.ടി.എ പ്രസിഡന്റ് കെ.വി ബിന്ദു, സ്കൂൾ വികസന സമിതി ചെയർമാൻ എം.പി കരുണാകരൻ, പ്രിൻസിപ്പാൾ സി.കെ ഹരീന്ദ്രൻ, പ്രഥമാധ്യാപിക പി. ലീന എന്നിവർ സംസാരിച്ചു.

ഗുരു ചന്തു പണിക്കർ സ്മാരക ഹയർസെക്കൻഡറി സ്‌കൂൾ പ്രവേശന കവാടത്തിൽ ഒരുക്കുന്ന ചുമർ ചിത്രരചന -വർണ്ണ മയൂഖം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു