pinarayi-vijayan

കണ്ണൂർ: കോവളം മുതൽ ബേക്കൽ വരെയുള്ള 600 കി.മീ ജലപാതയ്ക്ക് സ്വാഭാവിക പാത ഇല്ലാത്തയിടങ്ങളിൽ സ്ഥലം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ.ടി.ഡി.സി മുഴപ്പിലങ്ങാട്ട് നിർമ്മിക്കുന്ന പഞ്ചനക്ഷത്ര ബീച്ച് റിസോർട്ടിന്റെ തറക്കല്ലിടൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വടകര, കണ്ണൂർ, കാസർകോട് മേഖലകളിലെ ചില ഭാഗങ്ങളിലാണ് ജലപാതയ്ക്കായി ഭൂമി ഏറ്റെടുക്കേണ്ടി വരുന്നത്. ഭൂമി വിട്ടുനൽകുന്നവർക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തും. നേരത്തെ ഭൂമി വിട്ടുനൽകാൻ വിഷമം പറഞ്ഞവർ പദ്ധതിയുടെ പ്രാധാന്യം മനസിലാക്കി ഭൂമിയേറ്റെടുക്കുന്നത് അംഗീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലപാതയിൽ ഓരോ 50 കി.മീ ഇടവിട്ട് ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉണ്ടാവും. അതത് പ്രദേശങ്ങളിലെ നാടൻ വിഭവങ്ങളും ഉത്പന്നങ്ങളും വിപണനം നടത്താൻ ഈ കേന്ദ്രങ്ങൾ വഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, മുൻ എം.പി കെ.കെ. രാഗേഷ്, കെ.ടി.ഡി.സി ചെയർമാൻ പി.കെ. ശശി, ടൂറിസം വകുപ്പ് ഡയറക്ടർ വി.ആർ. കൃഷ്ണ തേജ മൈലവരപ്പ്, കേരള ടൂറിസം അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 39 കോടി രൂപ ചെലവിൽ 3.96 ഏക്കറിലായാണ് റിസോർട്ട് നിർമ്മിക്കുന്നത്.