motoos
മൊട്ടൂസ് എന്ന ദേവരാജ്

കാഞ്ഞങ്ങാട്: ഇന്ന് വിദ്യാലയം തുറക്കുമ്പോൾ ഏറേ സന്തോഷത്തിലാണ് 'മൊട്ടൂസ്' എന്ന ദേവരാജ്. ദേവരാജ് ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ലോക്ക് ഡൗൺ ആരംഭിച്ചത്. തിങ്കളാഴ്ച സ്‌കൂളിൽ പോകുന്നത് മൂന്നാം ക്ലാസിലാണ്. തന്റെ അദ്ധ്യാപരെ, കൂട്ടുകാരെ, ക്ലാസ് മുറി, ഇരിപ്പിടം കാണാനുള്ള ആവേശത്തിലാണ് താനെന്ന് ദേവരാജ് 'കേരളകൗമുദി'യോട് പറഞ്ഞു.
കഴിഞ്ഞ ഒന്നര വർഷക്കാലമായി കൊവിഡിനെതിരെ പ്രചാരണം നടത്തിയാണ് മടിക്കൈ കക്കാട്ടെ ദേവരാജ് ശ്രദ്ധനേടിയത്. നൂറോളം കൊച്ചു കൊച്ചു വീഡിയോകളിൽ കൊവിഡ് പ്രതിരോധ ബോധവത്കരണ സന്ദേശം നൽകി ദേവരാജിന്റെ

'മൊട്ടൂസ്' എന്ന കഥാപാത്രം കൈയടിനേടി.
91ാമത്തെ എപ്പിസോഡ് നിറവിൽ ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡിന് ഉടമയായി. രണ്ടോ മൂന്നോ മിനുട്ട് നീണ്ടുനിൽക്കുന്ന യൂട്യൂബ് വീഡിയോകളിലൂടെയാണ് മൊട്ടൂസിന്റെ സംവാദം. 2020 ഏപ്രിൽ മേയ് മാസങ്ങളിലായിരുന്നു മൊട്ടൂസിന്റെ വരവ്. ആദ്യത്തെ അമ്പത് ദിനങ്ങളിൽ തുടർച്ചയായി എപ്പിസോഡുകൾ വന്നു. കാഞ്ഞിരപ്പൊയിൽ ഗവ. ഹൈസ്‌കൂളിലെ അദ്ധ്യാപകനും ദേവരാജിന്റെ പിതാവുമായ കെ.വി രാജേഷ് മാഷാണ് ഈ ആശയത്തിനു പിന്നിലെ പ്രധാനി. അമ്മ റീജയാണ് ഓരോ എപ്പിസോഡിന്റെയും രചന നിർവ്വഹിക്കുന്നത്. സഹോദരി ദേവികാരാജും കൂടെയുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, മുൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ തുടങ്ങി നിരവധി പ്രമുഖർ മൊട്ടൂസിനെ അഭിനന്ദിച്ചു. നിരവധി സാംസ്‌കാരിക സ്ഥാപനങ്ങളും അനുമോദിച്ചു.