കണ്ണൂർ: കാൾടെക്സ് മുതൽ പുതിയതെരു വരെയുള്ള റോഡരികിലെ വാഹന പാർക്കിംഗ് ഒഴിവാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിർദ്ദേശിച്ചു. ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ യോഗത്തിലെ തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കാനും യോഗം ആവശ്യപ്പെട്ടു.

സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ വേണ്ട സൗകര്യം ചെയ്തു നൽകണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. യാത്രാപ്രശ്നം പരിഹരിക്കുന്നതിന് കെ.എസ്.ആർ.ടി.സി ബസ് സൗകര്യം ഏർപ്പെടുത്തണം.

എച്ച്.ഐ.വി ബാധിതർക്ക് മാസം 1000 രൂപ അനുവദിക്കുന്നതിൽ കാലതാമസം നേരിടുന്നതായി രാമചന്ദ്രൻ കടന്നപ്പള്ളി എം. എൽ.എ പറഞ്ഞു. ഇത് സംബന്ധിച്ച് സർക്കാറിനു കത്ത് നൽകിയിട്ടുണ്ടെന്നും തുക അനുവദിച്ചാലുടൻ നൽകുമെന്നും എ.ഡി.എം അറിയിച്ചു. തുരുത്തി മുക്ക് പാലത്തിന്റെ അപ്രോച്ച് റോഡിനായുള്ള അക്വിസിഷൻ നടപടി സ്വീകരിച്ച് പ്രവൃത്തി വേഗത്തിൽ നടപ്പാക്കണമെന്നും വാഗ്ഭടാനന്ദ സ്മാരകം നിർമിക്കുന്നതിനുള്ള സ്ഥലമേറ്റെടുപ്പിനായി റിപ്പോർട്ടുകൾ ലഭ്യമാക്കണമെന്നും കെ.പി മോഹനൻ എം.എൽ.എ ആവശ്യപ്പെട്ടു. എന്റെ ജില്ല മൊബൈൽ ആപ്ലിക്കേഷൻ പലപ്രദമാക്കുന്നതിനായി ഓരോ സർക്കാർ ഓഫീസുകളിലും നോഡൽ ഓഫീസറെ നിയമിക്കാനും തീരുമാനമായി.

മാഹി പാലത്തിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച നിർദേശത്തിൽ പുനപരിശോധന നടത്തുന്നതിനായി ഏജൻസിയെ നിയോഗിച്ചതായി പൊതുമരാമത്ത് എൻ.എച്ച് വിഭാഗം അറിയിച്ചു.

ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ പി മോഹനൻ, എഡിഎം കെ കെ ദിവാകരൻ, ജില്ലാ പ്ലാനിങ്ങ് ഓഫീസർ കെ പ്രകാശൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ആറളത്ത് ആനമതിലിന് ടെൻഡർ

ആറളത്ത് ആനമതിൽ നിർമ്മിക്കുന്നതിന് അനുവദിച്ച 22 കോടി രൂപയുടെ ടെൻഡർ നടപടി വേഗത്തിലാക്കും. പൊതുമരാമത്ത് വകുപ്പ് മുഖാന്തിരം 18 മാസം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കും.
ആദിവാസി കോളനികളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനായി ഉപകരണം ലഭ്യമാക്കുന്നതിനും നെറ്റ്‌വർക്ക് സൗകര്യം ഏർപ്പെടുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുന്നു.

ജില്ലാ വികസന സമിതി യോഗത്തിൽ കളക്ടർ എസ്. ചന്ദ്രശേഖർ സംസാരിക്കുന്നു