കൂത്തുപറമ്പ്: തലശ്ശേരി സബ്ബ് ഡിവിഷനിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വർഷങ്ങളായി തുരുമ്പെടുത്ത് വഴിമുടക്കികളായ വാഹനങ്ങൾ പൊളിച്ചുനീക്കി തുടങ്ങി. അമ്പതിലേറെ വാഹനങ്ങളാണ് ഓൺലൈൻ ലേലത്തെ തുടർന്ന് പൊളിച്ചുനീക്കുന്നത്.

അപകടങ്ങളെ തുടർന്നും, വിവിധ കേസുകളിൽപ്പെട്ടും പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങളാണ് ഇവയിലേറെയും. കോടതികളിൽ ഹാജരാക്കിയ വാഹനങ്ങളിൽ പലതും ഉടമസ്ഥർ തിരിച്ചെടുക്കാത്ത സാഹചര്യത്തിൽ ലേലം ചെയ്യുകയായിരുന്നു.

കൂത്തുപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്ത 3 കാറുകൾ, 2 ഓട്ടോകൾ, ഒരുബൈക്ക്, കതിരൂർ പൊലീസ് കസ്റ്റഡിയിലെടുത്ത പതിമൂന്ന് ബൈക്കുകൾ, ധർമ്മടം പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന പത്തൊമ്പത് ബൈക്കുകൾ, പാനൂർ പൊലീസ് സ്റ്റേഷനിലെ 6 ബൈക്കുകൾ, കൊളവല്ലൂർ സ്റ്റേഷനിലെ ഒരുഓട്ടോ, ഒരുബൈക്ക് എന്നിവയാണ് നീക്കം ചെയ്യുന്നത്. പൊലീസ് സ്റ്റേഷനുകളിൽ നിന്നായി അമ്പതിലേറെ വാഹനങ്ങളാണ് ഓൺലൈൻ ലേലത്തെ തുടർന്ന് പൊളിച്ചുനീക്കിയത്. 3,66,967 രൂപക്കാണ് ഇത്രയും വാഹനങ്ങൾ ലേലത്തിൽ പോയത്. പാലക്കാട്ടെ സ്വകാര്യ സ്ഥാപനമാണ് ഓൺലൈനിൽ നടന്ന ലേലത്തിലൂടെ വാഹനങ്ങൾ സ്വന്തമാക്കിയത്.

വർഷങ്ങളായി വിവിധ പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടുകളിൽ കൂട്ടിയിട്ടിരുന്ന വാഹനങ്ങൾ കൊണ്ടുപോയതോടെ പല പൊലീസ് സ്റ്റേഷനുകളും ഇപ്പോൾ ക്ലീനായിരിക്കയാണ്.