കതിരൂർ: എട്ടു വർഷത്തെ നാടുകടത്തലിനു ശേഷം കാരായി രാജനും കാരായി ചന്ദ്രശേഖരനും അഞ്ചിനു നാട്ടിലെത്തും. ഫസൽ വധക്കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് 2012 ജൂൺ 22നാണ് കാരായി രാജനും ചന്ദ്രശേഖരനും എറണാകുളം കോടതിയിൽ ഹാജരായത്. ഏതാനും വർഷം ജയിലിലടച്ചശേഷം എറണാകുളം ജില്ല വിട്ടുപോകരുതെന്ന ഉപാധിയോടെ ഇരുവർക്കും ജാമ്യം നൽകുകയായിരുന്നു.
നിലവിൽ കാരായി രാജൻ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗവും കാരായി ചന്ദ്രശേഖരൻ തലശ്ശേരി ഏരിയാ കമ്മിറ്റി അംഗവുമാണ്. ഇതിനിടെ കൊലക്കേസിൽ പ്രതിയായി പിടിക്കപ്പെട്ട മാഹി ചെമ്പ്രയിലെ കുപ്പി സുബീഷിന്റെ കുറ്റസമ്മത മൊഴിയും വിവാദമായിരുന്നു. തലശേരി സൈദാർപള്ളിക്കടുത്ത ജെ.ടി റോഡിൽ 2006 ഒക്ടോബർ 22ന് പുലർച്ചെയാണ് എൻ.ഡി.എഫ് പ്രവർത്തകനും പത്രം ഏജന്റുമായ ഫസൽ വെട്ടേറ്റു മരിച്ചത്.
നിയമപാലകർക്ക് മുന്നിൽ കുപ്പി സുബീഷ് നൽകിയ കുറ്റസമ്മതമൊഴിയിൽ ഫസൽ വധത്തിന്റെയും ആസൂത്രണത്തിന്റെയും എല്ലാ സത്യവുമുണ്ടെന്ന് സി.പി.എം പറയുന്നു. എറണാകുളത്തുനിന്നും നാട്ടിലേക്ക് മടങ്ങുന്ന ഇരുവർക്കും ഇരുമ്പനം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ യാത്രയയപ്പും ഒരുക്കുന്നുണ്ട്. ജന്മനാട്ടിലെത്തുന്ന ഇവർക്ക് പാർട്ടിയുടെ നേതൃത്വത്തിൽ ജില്ലയിലും വിപുലമായ സ്വീകരണം നൽകും.