പിണറായി: പിണറായി പൊലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ സ്റ്റേഷൻ പരിധിയിൽ സ്ഥാപിച്ച 40 സി.സി ടി.വി കാമറകളുടെ സ്വിച്ച് ഓൺ കർമ്മം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സ്റ്റേഷനിലെ പൊലീസുകാരുടെ മരണാനന്തര അവയവദാന സമ്മതപത്രം കൈമാറ്റവും അദ്ദേഹം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. നാരായണ നായിക് സമ്മതപത്രം ഏറ്റുവാങ്ങി. കൊവിഡ് പ്രതിരോധത്തിൽ മികച്ച ഇടപെടൽ നടത്തിയ തലശ്ശേരി ആർ.എം.ഒ ഡോ. ജിതിൻ, ജീവകാരുണ്യ പ്രവർത്തകൻ മൊയ്തു വടക്കുമ്പാട് എന്നിവരെ അനുമോദിച്ചു.
ജനകീയ കൂട്ടായ്മയിലൂടെയാണ് സ്റ്റേഷൻ പരിധിയിൽ നാൽപത് സി.സി ടി.വി കാമറകൾ സ്ഥാപിച്ചത്.
പൊലീസ് സ്റ്റേഷനിലെ മുപ്പതോളം പൊലീസുകാരുടെ അവയദാന സമ്മതപത്രവും ചടങ്ങിൽ മുഖ്യമന്ത്രിക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, മുൻ എം.പി കെ.കെ രാഗേഷ്, വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത, സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ, സബ്ബ് കളക്ടർ അനുകുമാരി, അസി. കമ്മീഷണർ വിഷ്ണുപ്രദീപ്, പഞ്ചായത്തംഗം എ. ദീപ്തി, കെ.പി.എ സെക്രട്ടറി സിനീഷ്, സ്റ്റേഷൻ എസ്.എച്ച്.ഒ രമ്യ ഇ.കെ, സി.പി.ഒ പ്രജോഷ് ടി എന്നിവർ പങ്കെടുത്തു.