തളിപ്പറമ്പ്: സി.പി.എം തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റിയിൽ വിഭാഗീയത ആരോപിച്ച് സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ കോമത്ത് മുരളീധരനെ കൈവിടാതെ മാന്ധംകുണ്ടിലെ പാർട്ടി പ്രവർത്തകരും അനുഭാവി കുടുംബങ്ങളും. ഇന്നലെ കോമത്ത് മുരളീധരൻ അനുകൂലികൾ മുൻകൈയെടുത്ത് രൂപീകരിച്ച കൂട്ടായ്മ മാന്ധംകുണ്ട് റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച എം. ഷൈജു അനുസ്മരണ സമ്മേളനത്തിൽ സ്ത്രീകൾ ഉൾപ്പെടെ 300ലധികം പേരാണ് പങ്കെടുത്തത്.

പാർട്ടി നിലപാടുകൾ വിശദമാക്കി അനുഭാവികളെ കൂടെ നിർത്താൻ സി.പി.എം നേതൃത്വം ശ്രമിക്കുമ്പോൾ മാന്ധംകുണ്ടിൽ പാർട്ടിയെ വളർത്തുന്നതിൽ മുന്നിൽനിന്ന മുരളീധരനെ തള്ളുക പ്രയാസമാണെന്നാണ് പ്രദേശത്തെ വലിയൊരു വിഭാഗം പാർട്ടി പ്രവർത്തകർ പറയുന്നത്.1990ന് മുമ്പ് വിരലിലെണ്ണാവുന്ന പാർട്ടി കുടുംബങ്ങൾ മാത്രമേ മാന്ധംകുണ്ടിലുണ്ടായിരുന്നുള്ളൂ. കോൺഗ്രസിന്റെ കുത്തകയായിരുന്ന മാന്ധംകുണ്ടിൽ കോമത്ത് മുരളീധരന്റെ പ്രവർത്തനത്തോടെ വളരെയേറെ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കപ്പെടുകയായിരുന്നു. മുരളീധരനുൾപ്പെടെ കോൺഗ്രസ് കുടുംബത്തിൽ ജനിച്ചുവളർന്നയാളാണ്. അമ്മയുടെ അമ്മാവൻ കോമത്ത് കുഞ്ഞിരാമൻ അറിയപ്പെടുന്ന കോൺഗ്രസ് നേതാവായിരുന്നു.

ഏറെ കഷ്ടപ്പാടുകൾ പിന്നിട്ട് വളർന്ന മുരളീധരൻ സി.പി.എമ്മിൽ സജീവമായതോടെ ചെറുപ്പക്കാർ പലരും പാർട്ടിയിൽ അണിനിരക്കുകയായിരുന്നു. നഗരസഭ വൈസ് ചെയർമാൻ സ്ഥാനംവരെ ഇദ്ദേഹം വഹിച്ചിട്ടുണ്ട്. പാർട്ടി പ്രവർത്തനത്തിനിടെ വധക്കേസിലുൾപ്പെടെ പ്രതിചേർക്കപ്പെട്ട ഇദ്ദേഹം പലതവണ ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. മുരളീധരന്റെ ആധാരം എഴുത്ത് ഓഫീസ് തീവച്ചതുൾപ്പെടെ നിരവധി അക്രമങ്ങൾക്കും ഇരയായി. ജീവന് വരെ ഭീഷണി നേരിട്ട കാര്യവും മുരളീധരനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

എം. ഷൈജുവിനെ അനുസ്മരിച്ചു

തളിപ്പറമ്പ്: മാന്ധംകുണ്ട് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ എം. ഷൈജു അനുസ്മരണം സംഘടിപ്പിച്ചു. കവി മാധവൻ പുറച്ചേരി ഉദ്ഘാടനം ചെയ്തു. കീഴാറ്റൂർ ജി.എൽ.പി സ്കൂളിൽ നടന്ന പരിപാടിയിൽ അസോസിയേഷൻ പ്രസിഡന്റ് കെ.എ. സലിം അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, സി. ലക്ഷ്മണൻ, കോമത്ത് മുരളീധരൻ, ഡി.എം ബാബു, ലക്ഷ്മണൻ കുതിരുമ്മൽ, കെ. സതീശൻ തുടങ്ങിയവർ സംസാരിച്ചു.