ഫറോക്ക്: ഫറോക്കിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാവുന്നു. പല സ്ഥലങ്ങളിലും നായ്ക്കളുടെ ആധിപത്യമെന്ന അവസ്ഥയാണ്. ഫറോക്ക് ടൗണിലും പരിസരത്തും അലഞ്ഞു തിരിയുന്ന നായ്ക്കളുടെ എണ്ണം വർദ്ധിച്ചതായും ജനങ്ങൾ പരാതിപ്പെടുന്നു. ചുങ്കം, പേട്ട, ചന്തക്കടവ്, കള്ളിത്തൊടി, ഫറോക്ക് അങ്ങാടി, റയിൽവേ സ്റ്റേഷൻ, കരുവൻ തിരുത്തി എന്നിവിടങ്ങളിലാണ് തെരുവുനായ്ക്കളുടെ വിലസൽ. രാവിലെ നടക്കാനിറങ്ങുന്നവരും പത്രവിതരണത്തിനു വരുന്നവരും ഭയത്തിലാണ്. നായ്ക്കൾ ഇരുചക്ര വാഹനങ്ങൾക്കു മുന്നിൽ ചാടി അപകടമുണ്ടാക്കുന്നതും പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം കോമൺവെൽത്ത് ഓട്ടുകമ്പനിയുടെ മുന്നിൽ തമ്പടിച്ച നായക്കുട്ടം ഇരുചക്രവാഹന യാത്രക്കാരെ ആക്രമിക്കാൻ തുനിഞ്ഞിരുന്നു. കൂട്ടമായെത്തുന്ന തെരുവുനായ്ക്കൾ സ്ത്രീകളുടെയും കുട്ടികളുടെയും നേരെ ആക്രമണത്തിനൊരുങ്ങുന്നതായും പരാതിയുണ്ട്.
നായശല്യം വർദ്ധിച്ചതോടെ രാത്രി കാലയാത്രയും സുരക്ഷിതമല്ല. നവംബറിൽ
സ്കൂൾ തുറക്കുമ്പോൾ കുട്ടികളെ എങ്ങനെ അയയ്ക്കുമെന്ന ഉത്കണ്ഠയിലാണ് രക്ഷിതാക്കൾ. എത്രയും പെട്ടെന്ന് നായ ശല്യത്തിനു നഗരസഭ പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.