തുടക്കം തിരുവമ്പാടി പഞ്ചായത്തിൽ
പദ്ധതി വിളംബര ജാഥ ഇന്ന്
കോഴിക്കോട്: മണ്ണ്, ജല സംരക്ഷണത്തിനായി സർക്കാർ ആവിഷ്കരിച്ച നീരുറവ് നീർത്തട പദ്ധതി ജില്ലയിലും ആരംഭിക്കുകയായി. തിരുവമ്പാടി പഞ്ചായത്തിലെ പൊയിലിങ്ങാപ്പുഴ കേന്ദ്രീകരിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സമഗ്ര നീർത്തട വികസന പദ്ധതി നടപ്പാക്കുക. 547 ഹെക്ടർ പ്രദേശം ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്.പദ്ധതി വിളംബര ജാഥ ഇന്ന് നടക്കും.
ജനങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങൾ കൂടി പദ്ധതി നിർവഹണത്തിൽ പരിഗണിക്കും. തൊഴിലുറപ്പ് പദ്ധതിയ്ക്ക് പുറമെ ജലസേചന വകുപ്പ്, കൃഷി വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ്, വനം വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചെറുകിട നാമമാത്ര കർഷകരുടെയും പട്ടികജാതി - പട്ടികവർഗ, ദുർബല വിഭാഗക്കാരുടെയും ഭൂമിയിൽ ആവശ്യമായ മാറ്റങ്ങൾ ഇതിലൂടെ നടപ്പാക്കും.
ജലലഭ്യത ഉറപ്പാക്കാൻ കുളങ്ങൾ, കിണറുകൾ തുടങ്ങിയവയുടെ പ്രവൃത്തികൾ ഏറ്റെടുക്കും. നീർത്തടത്തിനുള്ളിൽ സ്വാഭാവിക ഘടനയ്ക്ക് ഭംഗം വരാതെ കല്ല് കയ്യാലകൾ, മണ്ണ് കയ്യാലകൾ എന്നിവ നിർമ്മിക്കും. പദ്ധതിപ്രദേശത്തു വ്യാപകമായി വൃക്ഷങ്ങൾ നട്ട് പിടിപ്പിക്കുകയും ചെയ്യും.
ഉയർന്ന പ്രദേശങ്ങളിൽ നിന്നു ക്രമേണ താഴ്ന്ന ഭാഗങ്ങളിലേക്ക് എന്ന തരത്തിലായിരിക്കും പ്രവൃത്തികൾ ഏറ്റെടുക്കുക, വെള്ളത്തിന്റെ സ്വഭാവിക ഒഴുക്കിനെ ശാസ്ത്രീയമായ ഇടപെടലിലൂടെ തടഞ്ഞുനിറുത്തി അതത് പ്രദേശങ്ങളിൽ സംഭരിക്കുന്നതിലൂടെ എല്ലാ മാസവും ജലലഭ്യത ഉറപ്പാക്കാനാവും, ഇതിന് ചെറുചെക്ക് ഡാമുകൾ, കുളങ്ങൾ എന്നിവ നിർമ്മിക്കും.പദ്ധതി നടപ്പാക്കുക വഴി പ്രദേശത്തെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ ആദ്യഘട്ട ആലോചനായോഗത്തിൽ വാട്ടർ ഷെഡ് കമ്മിറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്.
''ഇത് പൈലറ്റ് പ്രോജക്ടാണ്. ക്രമേണ മറ്റു ബ്ലോക്കുകളിലെ നീർത്തടങ്ങളിലും വ്യാപിപ്പിക്കും. മൂന്നു വർഷത്തിനകം പദ്ധതി പൂർത്തിയാക്കും.''
ടി.എം മുഹമ്മദ് ജാ,
തൊഴിലുറപ്പ് പദ്ധതി
ജോയിന്റ് പോഗ്രാം കോ ഓർഡിനേറ്റർ