anpr

 കാമറകൾ സ്ഥാപിച്ചത് ഫെബ്രുവരിയിൽ

 ആയിരത്തോളം കേസ് പെൻഡിംഗിൽ

കോഴിക്കോട്: നിയമങ്ങൾ പാലിക്കാതെ വണ്ടിയോടിച്ചാൽ പൊലീസ് കൈയോടെ പിടികൂടിയില്ലെങ്കിലും പെട്ടതു തന്നെ. സിറ്റി പൊലീസിന്റെ എ.എൻ.പി.ആർ (ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ) കാമറക്കണ്ണിൽ കുടുങ്ങുന്നതോടെ പിഴ ചുമത്തിയുള്ള വിളിയോ നോട്ടീസോ പിന്നാലെ വന്നിരിക്കും. ഹെൽമെറ്റ് വെക്കാതെയും സീറ്ര് ബെൽറ്റിടാതെയുമെല്ലാം തോന്നിയ പോലെ വാഹനം ഓടിച്ചതിന് ആയിരത്തിൽപരം കേസുകളിലായി ഇങ്ങനെ പിഴ ഈടാക്കിയത് 4. 10 ലക്ഷം രൂപ.

രജിസ്ട്രഷൻ നമ്പർ ട്രാക്കിംഗ് സംവിധാനം ഉപയോഗിച്ച് വാഹന നിയമലംഘനങ്ങൾ കണ്ടെത്താനായി കഴിഞ്ഞ ഫെബ്രുവരി 18 നാണ് സിറ്റി പൊലീസിന്റെ പരിധിയിൽ എ.എൻ.പി.ആർ കാമറകൾ സ്ഥാപിച്ചത്. ഇതിനകം രണ്ടായിരത്തിൽപരം കേസുകൾ റിപ്പോർട്ട് ചെയ്തതിൽ ആയിരത്തിലേറെ എണ്ണത്തിൽ പിഴ ഈടാക്കുകയായിരുന്നു. കൊവിഡ് കണ്ടെയ്‌ൻമെന്റ് സോണിൽ പെട്ടവരുടേതുൾപ്പെടെ ആയിരത്തോളം കേസുകൾ പെൻഡിംഗിലുണ്ട്.

കോഴിക്കോട് സിറ്റി പൊലീസ് പരിധിയിലേക്ക് പ്രവേശിക്കുന്നിടത്തും പുറത്തേക്ക് കടക്കുന്നിടങ്ങളിലുമായി പത്തിലേറെ പോയിന്റുകളിലാണ് ഇപ്പോൾ എ.എൻ.പി.ആർ കാമറകളുള്ളത്. ഇവ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഹെൽമെറ്റ് ധരിക്കാത്തതും മൊബൈൽ ഫോണിൽ സംസാരിക്കുന്നതും സീറ്റ് ബെൽറ്റ് ഇടാതിരിക്കുന്നതും ഓവർ സ്പീഡുമെല്ലാം കാമറക്കണ്ണിൽ പെടുന്നതോടെ ആ നിമിഷം കൺട്രോൾ റൂമിലെ മോണിറ്ററിൽ പതിഞ്ഞിരിക്കും. കാമറക്കാഴ്ചകൾ അപ്പപ്പോൾ നിരീക്ഷിക്കാനും ഉന്നതാധികാരികൾക്ക് റിപ്പോർട്ട് നൽകാനും ഇതിലൂടെ സാധിക്കുന്നു. കൺട്രോൾ റൂമിലേക്ക് വിളിച്ചു വരുത്തിയാണ് പിഴ ഈടാക്കുന്നത്.

ഓരോ ദിവസവും ശരാശരി മുപ്പതിലേറെ കേസുകൾ കൺട്രോൾ റൂമിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പിഴ ചുമത്താവുന്നവയാണ് കേസായി മാറ്റുന്നത്. റോഡിലെ വാഹന നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനൊപ്പം ഇടിച്ചിട്ട ശേഷം നിറുത്താതെ പോവുന്ന കേസുകൾ, തട്ടിക്കൊണ്ടുപോകൽ, കള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത്, മോഷണങ്ങൾ തുടങ്ങിയ ക്രിമിനൽ കുറ്റങ്ങൾക്ക് തുമ്പുണ്ടാക്കാനും പുതിയ നിരീക്ഷണ സംവിധാനം പ്രയോജനപ്പെടുന്നുണ്ട്. ഈ കാമറകൾ കൂടാതെ 40 സി.സി.ടി.വി കാമറകൾ അടങ്ങുന്ന ഇന്റഗ്രേറ്റഡ് കാമറ സർവൈലൻസ് സംവിധാനവും സിറ്റി പൊലീസ് പരിധിയിൽ സജീവമാണ്. കാമറക്കണ്ണുകളിൽ പെടുമെന്ന പേടിയുള്ളതുകൊണ്ടുതന്നെ നിയമലംഘനക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്നുണ്ടെന്ന വിലയിരുത്തലാണ് പൊലീസിന്റേത്.

 കാമറ ഈ സ്ഥലങ്ങളിൽ

1. ഇടിമൂഴിക്കൽ

2. വൈദ്യരങ്ങാടി

3. പാലോറ മല

4. ഊർക്കടവ്

5. വി.കെ റോഡ്

6. എലത്തൂർ

7. കക്കോടിമുക്ക്

8. പടനിലം

9. കോട്ടക്കടവ്

10. ചാലിയം

11. കാളാംതോട്

 പിഴ ഇങ്ങനെ

1. ഹെൽമെറ്റ് വെച്ചില്ലെങ്കിൽ 500 രൂപ

2. ലൈസൻസ് ഇല്ലെങ്കിൽ 5000 രൂപ

3. സീറ്റ് ബെൽറ്റ് ഇല്ലെങ്കിൽ 1000 രൂപ

4. ഇൻഷുറൻസ് ഇല്ലെങ്കിൽ 2000 രൂപ