payamkutty
പയംകുറ്റിമല

വടകര: ലോക ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കാൻ പയംകുറ്റിമല. തീർത്ഥാടകർക്കെന്ന പോലെ വിദേശ സഞ്ചാരികൾക്കിടയിൽ കൂടി അറിയപ്പെടുന്ന പ്രദേശമായി പയംകുറ്റിമല മാറുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

കാരവൻ പാർക്ക് പ്രാവർത്തികമാവുന്നതോടെ പ്രാദേശികമേഖലയിലെ തൊഴിൽ സാദ്ധ്യതകൾ വർദ്ധിക്കും. പല ടൂറിസം കേന്ദ്രങ്ങളിലും സഞ്ചാരികൾക്ക് താമസസൗകര്യമില്ല. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് കാരവൻ ടൂറിസത്തിന് പ്രോത്സാഹനം നൽകുന്നത്. സഞ്ചാരികൾക്ക് തനത് ഭക്ഷണം രുചിച്ചറിയാനുള്ള അവസരവുമുണ്ടാകും.

പയംകുറ്റിമല സന്ദർശിച്ച ശേഷം ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഓരോ പഞ്ചായത്തിലും ഓരോ ടൂറിസം കേന്ദ്രമാണ് സർക്കാർ ലക്ഷ്യമിടുന്നത്. പയംകുറ്റിമലയിലേക്കുള്ള റോഡ് വികസനവും യാഥാർത്ഥ്യമാക്കും. പയംകുറ്റിമലയുടെയും ലോകനാർകാവിലെയും ടൂറിസം സാദ്ധ്യത ഫലപ്രദമായി വിപുലീകരിക്കുന്നത് ആലോചിക്കാൻ തിരുവനന്തപുരത്ത് വൈകാതെ യോഗം ചേരും.

ലോകനാർകാവ് ക്ഷേത്രത്തിനടുത്തായുള്ള പയംകുറ്റിമലയുടെ മുകളിൽ മുത്തപ്പൻ ക്ഷേത്രമുണ്ട്. വിനോദസഞ്ചാര പ്രാധാന്യം കണക്കിലെടുത്ത് വ്യൂ ടവർ നിർമ്മാണം, ചുറ്റുമതിൽ, കഫറ്റീരിയ, ലാൻഡ്‌സ്‌കേപ്പിംഗ്, പാത്ത് വേ നിർമ്മാണം എന്നിവ പൂർത്തിയായി കഴിഞ്ഞു.

യോഗത്തിൽ കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ മുരളി, വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിജു , വിനോദ സഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടർ സി.എൻ അനിതകുമാരി, ഡി.ടി.പി.സി സെക്രട്ടറി സി.പി ബീന തുടങ്ങിയവർ സംബന്ധിച്ചു.