സുൽത്താൻ ബത്തേരി: ബത്തേരിക്കടുത്ത ബീനാച്ചി, ടിപി കുന്ന്, പഴുപ്പത്തൂർ, കൈവട്ടാമൂല, കൈരളി ജംഗ്ഷൻ, തേക്കുംകണ്ടി, ചപ്പകൊല്ലി, മന്ദംകൊല്ലി എന്നീ ജനവാസകേന്ദ്രങ്ങളിൽ കടുവ ശല്യം രൂക്ഷമായതോടെ ക്ഷീരകർഷകരുടെ ജീവിതം ബുദ്ധിമുട്ടിലായി. കടുവകളിൽ നിന്ന് തങ്ങളുടെ ഉരുക്കളെ സംരക്ഷിക്കുതോടൊപ്പം തന്നെ സ്വന്തം ജീവനും രക്ഷിക്കേണ്ട അവസ്ഥയാണ്.
അതിരാവിലെ സൊസൈറ്റികളിൽ പാൽ അളന്ന് നൽകാൻ പോകുന്ന ക്ഷീരകർഷകരാണ് കൂടുതൽ ദുരിതത്തിലായത്. കടുവ ഏത് നിമിഷവും ചാടിവീഴുമെന്ന ഭയത്തോടെയാണ് ആളുകൾ സഞ്ചരിക്കുന്നത്.
സന്ധ്യമയങ്ങിയാൽപിന്നെ ക്ഷീരകർഷകർ തൊഴുത്തിൽ കെട്ടിയിട്ടിരിക്കുന്ന കന്നുകാലികൾക്ക് കാവൽ ഇരിക്കേണ്ട അവസ്ഥയാണ്. ശ്രദ്ധിച്ചില്ലെങ്കിൽ നേരം വെളുത്ത് പശുക്കളെ കറക്കാൻ ചെല്ലുമ്പോൾ പശു തൊഴുത്തിലുണ്ടാവില്ല. കടുവയുടെ ശല്യം ഈ പ്രദേശങ്ങളിൽ കഴിഞ്ഞ കുറെ മാസങ്ങളായി വർദ്ധിച്ചുവരികയാണ്. മുമ്പ് വല്ലപ്പോഴും മാത്രമേ ജനവാസകേന്ദ്രങ്ങളിൽ കടുവയുടെ ശല്യമുണ്ടായിരുന്നുള്ളൂ. ഇരയെ വേട്ടയാടി പിടിക്കാൻ പറ്റാത്തതും പരിക്ക് പറ്റിയതും പ്രായമായതുമായ കടുവകളാണ് ജനങ്ങൾക്ക് ഭീഷണിയായി ജനവാസകേന്ദ്രങ്ങളിൽ കഴിയുന്നത്.
ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രധാന ജീവിതമാർഗ്ഗം കന്നുകാലി വളർത്തലാണ്. അതിൽ തന്നെ കൂടുതലും പേർ ക്ഷീരമേഖലയെ ആശ്രയിച്ചാണ് കഴിയുന്നത്. കടുവ ഭീഷണി നേരിടുന്ന പ്രദേശങ്ങൾ ഉള്ളത് വയനാട് വന്യജീവി സങ്കേതത്തിനും വനസമാനമായി കിടക്കുന്ന ബീനാച്ചി എസ്റ്റേറ്റിനും ഇടയിലാണ്. ഈ പ്രദേശങ്ങൾ കടുവ അടക്കമുള്ള വന്യമൃഗങ്ങളുടെ സഞ്ചാരകേന്ദ്രമായി തീർന്നിരിക്കുകയാണ്. കരിമ്പുലി ഉൾപ്പെടെയുള്ളവയെ ഇതിന് മുമ്പ് ഇവിടെ നിന്ന് പിടികൂടിയിരുന്നു. ആനയൊഴിച്ചുള്ള മിക്കമൃഗങ്ങളും ഇവിടെ അധിവസിക്കുന്നുണ്ട്.
രാത്രികാലങ്ങളിൽ ജോലികഴിഞ്ഞ് ഇതുവഴി വരുന്നവർ കടുവയുടെ മുന്നിൽ പെടുകയും ചെയ്തിട്ടുണ്ട്. തലനാരിഴയ്ക്കാണ് പലപ്പോഴും രക്ഷപ്പെടുന്നത്. എപ്പോഴാണ് കടുവയുടെ മുന്നിൽപ്പെടുകയെന്ന് ഭയന്നാണ് ആളുകൾ രാവിലെ ജോലിക്ക് പോകുന്നത്. സന്ധ്യമയങ്ങിയാൽ പിന്നെ ജോലി കഴിഞ്ഞെത്തുന്ന ആളുകൾ കൂട്ടമായാണ് കടുവയെ പേടിച്ച് വീടുകളിലേക്ക് തിരിക്കുന്നത്.
വളർത്തുമൃഗങ്ങളെ പിടികൂടുകയും ആളുകളെ ആക്രമിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് വനം വകുപ്പ് പ്രദേശത്ത് പരിശോധന നടത്തുന്നത്.