പയ്യോളി: പ്രകൃതിഭംഗി വിളിച്ചോതുന്ന അകലാപ്പുഴയും തുരുത്തും ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്നതും കാത്തിരിക്കുകയാണ് സഞ്ചാരികൾ. ശൗചാലയം, ഹൈമാസ്സ് ലൈറ്റ്, തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ പോലും ഇവിടെ ഇല്ല. നിലവിൽ ചില സ്വകാര്യ ഏജൻസികൾ ഹൗസ് ബോട്ടിംഗ്, പെഡൽ ബോട്ടിംഗ് എന്നിവ നടത്തുന്നുണ്ട്. കൊവിഡിനു മുമ്പ് ദിവസേന നൂറോളം ആളുകൾ ഇവിടെ സന്ദർശനത്തിനെത്തിയിരുന്നു. സഞ്ചാരികളെ ആകർഷിക്കാൻ കൂടുതൽ ബോട്ടുകളും കുട്ടികൾക്കുള്ള പാർക്കും മുതിർന്നവർക്കുള്ള സൗകര്യങ്ങളും ഫുഡ്‌കോർട്ടും സ്ഥാപിച്ചാൽ ഇനിയും സഞ്ചാരികളെത്തും. വിശാലമായ വ്യൂ പോയിന്റ് ആയതിനാൽ കൂടുതൽ സഞ്ചാരികൾക്ക് ഒരേ സമയം കൊവിഡ് മാനദണ്ഡപ്രകാരം സന്ദർശിക്കാനും കഴിയും.
വിനോദസഞ്ചാരത്തിന് വലിയ പ്രധാന്യം നൽകുന്ന സർക്കാർ ഇത്തരം ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങൾ വികസിപ്പിക്കുന്നത് വഴി പ്രദേശത്തിനും വളർച്ചയുണ്ടാകുമെന്ന് നാട്ടുക്കാർ പറയുന്നു. കൈ തോടുകളും തുരുത്തും കൊതുമ്പുവള്ളങ്ങളും മത്സ്യകൃഷിയും ഏറുമാടങ്ങളും കുട്ടനാടൻ ശൈലിയിലുള്ള പാടശേഖരവും വലിയ സാദ്ധ്യതകളാണ് മുന്നോട്ടുവക്കുന്നത്. വലിയ തുക ചിലവഴിച്ചു ജില്ലകൾ താണ്ടി സഞ്ചാരികൾ ദീർഘ യാത്ര ചെയ്യുമ്പോൾ കാൽചുവട്ടിലെ ഈ ഭംഗി അറിയാതെ പോവുകയാണ്.
അകലാപ്പുഴ
ദേശീയപാത തിക്കൊടിയിൽ നിന്ന് 4 കി.മീ കിഴക്കോട്ട് സഞ്ചരിച്ചാൽ വിസ്തൃതമായ കായൽ പരപ്പാണ് അകലാപ്പുഴ. പച്ചപ്പും പുഴയും തണുത്ത കാറ്റുമാണ് ഇവിടുത്തെ പ്രത്യേകത.
അകലം കൂടുന്തോറും കൂടുന്ന സൗന്ദര്യവുമായി ഇടുങ്ങിയും പടർന്നുമാണ് പുഴയുടെ കിടപ്പ്. കേരവൃക്ഷങ്ങളും വിവിധ തരം കണ്ടൽ കാടുകളും ഇടതൂർന്ന് വളർന്ന് നിൽക്കുന്നു.
കോഴിക്കോടൻ കുട്ടനാടെന്നും പ്രദേശം അറിയപ്പെടുന്നു.
അകലാപ്പുഴ ടൂറിസം പദ്ധതിയിൽപെടുത്തി നെല്യാടി പാലം മുതൽ ഗോവിന്ദൻ കെട്ട് വരെ ബോട്ടു സഞ്ചാരവും നടക്കൽ മുതലുള്ള ഗോവിന്ദൻകെട്ടു മേഖലയിൽ റവന്യു ഭൂമിയിൽ കുട്ടികൾക്ക് വേണ്ടി പാർക്കും ഉൾപ്പെടെ സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തുവരുന്നുണ്ട് കാനത്തിൽ ജമീല, എം.എൽ.എ
അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെ ഇവിടെ ഏർപ്പെടുത്തിയിട്ടില്ല. പ്രദേശം ഇപ്പോഴും ഇരുട്ടിലാണ്. പാർക്കിംഗും ആളുകൾക്ക് ഇരിക്കാനുള്ള സൗകര്യവും ഇല്ല- ജ്യോതിഷ്.സി.എം, ടൂർ ഓപ്പറേറ്റർ