rudru1

തിരുവനന്തപുരം : നാലു വയസ് തികഞ്ഞിട്ടില്ല രുദ്ര് ശിവാൻഷിന്. കൃത്യമായി പറഞ്ഞാൽ പ്രായം മൂന്നു വർഷവും ഒൻപത് മാസവും.പക്ഷേ മുതിർന്നവരെയും വെല്ലുന്ന അസാമാന്യ ഓർമ്മശക്തിയുമായി ഈ കുരുന്ന് നടന്നുകയറിയത് റെക്കാഡ് പുസ്തകത്തിലേക്ക്.ഏറ്റവും ചെറിയ പ്രായത്തിൽ ഏറ്റവും കൂടുതൽ ജീവികളുടെ ശബ്ദം തിരിച്ചറിയാനാകുന്ന കുട്ടി എന്ന നേട്ടത്തിലൂടെയാണ് രുദ്ര് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നേടിയത്.

ലോകത്തിന്റെ നാനാഭാഗങ്ങളിലായുള്ള 38 ജീവികളുടെ ശബ്ദം രുദ്ര് തിരിച്ചറിഞ്ഞത് വെറും 1 മിനിട്ട് 51 സെക്കൻഡ് കൊണ്ട് !!. ദുബായിൽ ബിസിനസുകാരനായ കോഴിക്കോട് സ്വദേശി സുബിൻ സുഹാസിന്റെയും അവിടെ ഡെന്റൽ സർജനായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി ഡോ.ബി.എസ്. നിത്യയുടെയും ഏകമകനാണ് രുദ്ര്. ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സ് എഡിറ്റോറിയൽ ടീമിന്റെ പരിശോധനയിൽ രുദ്ര് 43 ജീവികളുടെ ശബ്ദം തിരിച്ചറിഞ്ഞതായി ഡോ. നിത്യ പറഞ്ഞു. അഞ്ചെണ്ണത്തിന്റെ ഉച്ചാരണം വ്യക്തമല്ലെന്നതു കാരണം 38 എണ്ണം മാത്രം രേഖപ്പെടുത്തുകയായിരുന്നു.

ഇപ്പോൾ അൻപതോളം ജീവികളുടെ ശബ്ദം കുട്ടിക്ക് തിരിച്ചറിയാനാവുന്നുണ്ടെന്നും അമ്മ പറയുന്നു. ജീവിതത്തിൽ ഒരിക്കലുംപ്പോലും കണ്ടിട്ടില്ലാത്ത ചെന്നായ, പെൻഗ്വിൻ, മരപ്പട്ടി തുടങ്ങിയവയുടെ ശബ്ദത്തോടൊപ്പം ദിനോസറിന്റെ ശബ്ദവും പട്ടികയിൽ ഉൾപ്പെടും. രണ്ടുവയസ് മുതൽ ഈ ശബ്ദങ്ങൾ ഗ്രഹിക്കുക എന്നത് രുദ്രിന്റെ ഹോബിയാണ്. ടി.വി സ്‌ക്രീനിൽ നോക്കാതെ തന്നെ ജീവികളുടെ ശബ്ദം കേട്ട് അവയുടെ പേര് വിളിച്ചുപറയും. മൂന്നു വയസ് കഴിഞ്ഞപ്പോഴേക്കും തിരിച്ചറിയുന്ന ജീവികളുടെ എണ്ണം കുതിച്ചുയരുകയായിരുന്നു. സുഹൃത്തുക്കളിൽ ചിലർ നിർബന്ധിച്ചതോടെയാണ് ഡോ. നിത്യ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിന് ഒരു മാസം മുമ്പാണ് കത്തയച്ചത്. മറുപടി പെട്ടെന്നായിരുന്നു. വൈകാതെ ശബ്ദപരിശോധനയും.