1

നാദാപുരം: വാണിമേൽ പഞ്ചായത്തിലെ മലയോരവാസികൾക്ക് കാട്ടുപന്നികളും കാട്ടാനകളും കൂട്ടമായി നാട്ടിലേക്കിറങ്ങിയതോടെ ഉറക്കവും സമാധാനവും നഷ്ടപ്പെട്ടിരിക്കുകയാണ്. കാട്ടുപന്നികളും മുള്ളൻ പന്നികളും കൂടാതെ വിലങ്ങാട് മലയോര മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങുന്നതും പതിവായിരിക്കുന്നു.

തെങ്ങുകളും കമുകും വാഴയും കുത്തിമറിച്ചിട്ട് നശിപ്പിക്കുകയാണ്. 40 വർഷം വരെ പ്രായമായ തെങ്ങുകളും ടാപ്പിംഗ് നടത്തുന്ന റബ്ബർ മരങ്ങളും നശിപ്പിക്കുന്നു. കുരുമുളക് വള്ളികൾ പിഴുതെറിയുന്നു. പലനാളിന്റെ പരിശ്രമവും സ്വപ്നങ്ങളുമാണ് ഒറ്റ രാത്രികൊണ്ട് മണ്ണുചേരുക.

കണ്ണൂർ ജില്ലയിലെ കണ്ണവം വനമേഖലയിൽ നിന്നാണ് കുട്ടിയാനകൾ ഉൾപ്പെടുന്ന കാട്ടാനക്കൂട്ടങ്ങൾ വിലങ്ങാട്ടെ മലയങ്ങാട്, പൂവത്താം കണ്ടി, ആനക്കുഴി പ്രദേശങ്ങളിൽ എത്തുന്നത്. ആനകൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നത് തടയാനായി വനാതിർത്തിയോട് ചേർന്ന ജനവാസ കേന്ദ്രങ്ങളിൽ കിടങ്ങുകളും സോളാർ ഫെൻസിംഗും സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

ഏറെ മുറവിളിക്കൊടുവിൽ ചിലയിടങ്ങളിൽ സോളാർ ഫെൻസിംഗ് സ്ഥാപിച്ചെങ്കിലും കാര്യക്ഷമമല്ല. പലയിടങ്ങളിലും ഇതിലൂടെ വൈദ്യുതി പ്രവഹിക്കുന്നില്ല. യഥാസമയം അറ്റകുറ്റ പണി നടത്താത്തതിനാലാണിത്. കാട്ടാനകളെ ഭയന്ന് മലയങ്ങാട് വാസികൾ മലയിറങ്ങാൻ നിർബന്ധിതരാവുകയാണ്.

ഏറ്റവും ഒടുവിലായി മേഖലയിൽ പുള്ളിപ്പുലിയുടെ സാന്നിദ്ധ്യവും സ്ഥിരീകരിച്ചിരിക്കുകയാണ്. കണ്ണവം വനമേഖലയോട് ചേർന്നുള്ള വലിയ പാനോത്ത് കുരിശു പള്ളിക്ക് സമീപമാണ് പുള്ളിപ്പുലിയുടെ ചെളിയിൽ പതിഞ്ഞ കാൽപാടുകൾ കണ്ടെത്തിയത്. കാൽപാടുകളുടെ ഫോട്ടോ മുത്തങ്ങ വന്യ ജീവി സങ്കേതത്തിലെ അധികൃതർക്ക് അയച്ചിരുന്നു. തുടർന്നാണ് കാൽപാടുകൾ പുലിയുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

രണ്ട് മാസം മുമ്പ് ഇതിനടുത്ത ആനക്കുഴി പ്രദേശത്ത് നാട്ടുകാരിൽ ചിലർ പുലിയെ കണ്ടതായി പറഞ്ഞിരുന്നു. പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ പകൽ സമയത്ത് പോലും പുറത്തിറങ്ങാൻ പ്രദേശവാസികൾ ഭയപ്പെടുകയാണ്.