രാമനാട്ടുകര: രാമനാട്ടുകര നഗരസഭയിലെ പല സ്ഥലത്തേയും തെരുവ് വിളക്കുകൾ കത്താതായതോടെ പല ഇട റോഡുകളിലും മാലിന്യം നിറഞ്ഞു. പത്താം വാർഡിൽ രാമനാട്ടുകര അങ്ങാടിയിൽ നിന്നും നളന്ദ ഹോസ്പിറ്റലിനു മുന്നിലൂടെ പോകുന്ന റോഡിലെ തെരുവ് വിളക്കുകൾ കാത്താതായിട്ട് ആഴ്ചകളായി. രാത്രിയുടെ മറവിൽ പല സ്ഥലത്തുനിന്നും ഇവിടെ മാലിന്യം കൊണ്ടിടുക പതിവായിട്ടുണ്ട്. രാമനാട്ടുകര നഗരസഭാ ഓഫീസ്, രാമനാട്ടുകര വായനശാല, ശ്രീ പരിഹാര പുരം ക്ഷേത്രം, ശ്രീ രാമേശ്വരം ക്ഷേത്രം, സേവാമന്ദിരം, രാമനാട്ടുകര ഗവ.സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള എളുപ്പവഴിയാണിത്. രാമനാട്ടുകര ബൈപ്പാസ് റോഡിലേയ്ക്ക് ഏറെ ഉപകാരപ്രദമാണ് ഈ റോഡ്. തെരുവ് വിളക്കുകളുടെ വെളിച്ചത്തിൽ മാലിന്യം തള്ളാൻ ആരും ധൈര്യപ്പെടാറില്ലെന്ന് നാട്ടുകാർ പറയുന്നു. മാലിന്യങ്ങൾ അളിഞ്ഞു ദുർഗന്ധം വമിക്കുന്നതും കാക്കകളും തെരുവ് നായ്ക്കളും കൊത്തി വലിച്ച് സമീപ പറമ്പുകളിലും കിണറുകളിലും കൊണ്ടിടുന്നതും പതിവാണ്. രാമനാട്ടുകര ബസ് സ്റ്റാൻഡിനു മുന്നിൽ ദേശീയ പാതയിലെ ഹൈ മാസ്റ്റ് ലൈറ്റ് കത്താതായിട്ട് ആഴ്ചകളായി. രാത്രി ബസ് കാത്ത് സ്ത്രീകളടക്കമുള്ള യാത്രക്കാർ ഇരുട്ടത്താണ് നിൽക്കുന്നത്. എയർപോർട്ട് റോഡിൽ രാമനാട്ടുകര മേൽപ്പാലത്തിന് കിഴക്കോട്ട് തെരുവ് വിളക്കുകൾ ചില സമയങ്ങളിൽ കത്തുന്നത് പകലാണ്. രാമനാട്ടുകര അയ്യപ്പനെഴുത്തച്ഛൻ സ്കൂൾ റോഡ്, എൽ.ഐ.സി റോഡ്, യൂണിവേഴ്സിറ്റി റോഡ്, രാമനാട്ടുകര മേൽപ്പാലം എന്നിവിടങ്ങളിലും തെരുവ് വിളക്കുകൾ കണ്ണടച്ചുത്തന്നെ.