1

കുന്ദമംഗലം: കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് പാസ‌ഞ്ചർ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞ് 10 പേർക്ക് പരിക്കേറ്റു. ഓട്ടോയിലെ ഡ്രൈവറടക്കം നാലു പേർക്കും ബസ് യാത്രക്കാരായ ആറു പേർക്കുമാണ് പരിക്ക്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ ചൂലാംവയൽ മാക്കൂട്ടം ഇറക്കത്തിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടം.

താമരശ്ശേരിയിലെ ത്രേസ്യാമ്മ (55), ഗഫൂർ (45), ലിനിത (39), ചാലിയത്തെ ജുമൈലത്ത് (30), പശുക്കടവിലെ സബിൻ (32), ചേലേമ്പ്രയിലെ സുഹറ (50), ഹൈറുന്നീസ (28), അമ്പായത്തോടിലെ ശിവദാസൻ, പെരിന്തൽമണ്ണയിലെ റിസ്വാൻ (28), ഷംലത്ത് (28) എന്നിവരാണ് ആശുപത്രിയിൽ കഴിയുന്നത്.

കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് ആദ്യം ഗുഡ്സ് ഓട്ടോയിലും പിന്നീട് പാസഞ്ചർ ഓട്ടോയിലും ഇടിച്ചാണ് മറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാരും പിറകെയെത്തിയ പൊലീസും ചേർന്ന് ബസ് ഉയർത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.