കോഴിക്കോട്: വിധവകളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി സമഗ്രമായ പദ്ധതികൾ നടപ്പാക്കുന്നതിനായുള്ള വിധവാ സെൽ ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു.
വിധവകളുടെ രജിസ്‌ട്രേഷൻ, നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കൽ, വിധവാ അഭയ കേന്ദ്രങ്ങളുടെ മേൽനോട്ടം, ആരോഗ്യ പരിരക്ഷ, നിയമ സഹായം, കൗൺസലിംഗ്, സ്വയം തൊഴിൽ പരിശീലനം, സംരക്ഷണം, വിധവകളുടെ കുട്ടികളുടെയും സ്വത്തിന്റെയും സംരക്ഷണം എന്നിവയാണ് പ്രധാന ചുമതലകൾ. ജില്ലാതല വിധവാ ഹെൽപ് ഡസ്‌ക്കായി കോഴിക്കോട് സഖി വൺ സ്റ്റോപ്പ് സെന്റർ പ്രവർത്തിക്കും. സേവനങ്ങൾക്കായി വെള്ളിമാടുകുന്ന് സാമൂഹ്യനീതി കോംപ്ലക്‌സിലെ വൺ സ്റ്റോപ്പ് സെന്റർ ഓഫീസിൽ നേരിട്ടോ ഫോൺ വഴിയോ ബന്ധപ്പെടാം. വിധവാ ഹെൽപ്പ് ലൈനിൽ ബന്ധപ്പെടാൻ 9188222253 എന്ന നമ്പർ സജ്ജമാണെന്ന് ജില്ലാ വനിതാ സംരക്ഷണ ഓഫീസർ ഡോ. ലിൻസി. എ.കെ അറിയിച്ചു.