മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായവും
കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റിവ് സൊസൈറ്റിയിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും മക്കളിൽ എസ്.എസ്.എൽ.സി യ്ക്കു ഉന്നതവിജയം നേടിയ 68 പേർക്ക് പുരസ്‌കാരം സമ്മാനിച്ചു. ഇരിങ്ങൽ സർഗ്ഗാലയ ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ ഒരുക്കിയ ചടങ്ങിൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പുരസ്‌കാര സമർപ്പണം നിർവഹിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്കും അംഗഭംഗം നേരിട്ടവർക്കുമുള്ള ധനസഹായവും ചടങ്ങിൽ നൽകി. അപകടങ്ങളിൽ മരിച്ച സൊസൈറ്റി അംഗങ്ങളല്ലാത്ത തൊഴിലാളികളായ സി.കെ. അശ്വന്ത്, വിഷ്ണു വിനോദ് എന്നിവരുടെ ആശ്രിതർക്ക് 20 ലക്ഷം രൂപ വീതവും കൊവിഡ് ബാധിച്ചു മരിച്ച എൻജിനിയർ പി. ഹരിദാസന്റെ കുടുംബത്തിനു പത്ത് ലക്ഷം രൂപയും കൈമാറി, അപകടത്തിൽ അംഗവൈകല്യം വന്ന അന്യസംസ്ഥാന തൊഴിലാളി കമൽ മജുംദാറിനുള്ള 14 ലക്ഷം രൂപ അദ്ദേഹത്തിനു എത്താൻ കഴിയാഞ്ഞതിനാൽ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ എസ്. ഷാജു പറഞ്ഞു.
എസ്.എസ്.എൽ.സി വിജയികളിൽ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയ 52 പേർ ഒന്നാം റാങ്കുകാരായി. പത്തു പേർ രണ്ടാം റാങ്കിനും ആറു പേർ മൂന്നാം റാങ്കിനും അർഹരായി. കാഷ് അവാർഡിനൊപ്പം മെഡലും സർട്ടിഫിക്കറ്റും നൽകി. ഒന്നാം റാങ്കുകാർക്ക് 10,000 രൂപയും രണ്ടാം റാങ്കുകാർക്ക് 8,000 രൂപയും മൂന്നാം റാങ്കുകാർക്ക് 6,000 രൂപയുമാണ് സൊസൈറ്റിയുടെ ഉപഹാരം. ഇതിനു പുറമെ, ഒന്നു മുതൽ മൂന്നു വരെ റാങ്കുകാർക്ക് യഥാക്രമം 2,000, 1,500, 1,000 രൂപ വീതം സൊസൈറ്റി കൾച്ചറൽ സെന്ററിന്റെ സമ്മാനവുമുണ്ടായിരുന്നു.
പ്ലസ് ടു വിജയികൾക്കുള്ള പാരിതോഷികങ്ങൾ 16നു സമ്മാനിക്കും.
ചടങ്ങിൽ സൊസൈറ്റി വൈസ് ചെയർമാൻ വി.കെ.അനന്തൻ അദ്ധ്യക്ഷനായിരുന്നു. ഡയരക്ടർമാരായ പി. പ്രകാശൻ, എം. പദ്മനാഭൻ, പി.കെ.സുരേഷ് ബാബു, കെ.ടി.കെ.അജി, ടി.ടി.ഷിജിൻ, സി.ഇ.ഒ സുനിൽകുമാർ രവി, സി.ജി.എം. റോഹൻ പ്രഭാകർ, കോർപ്പറേറ്റ് എച്ച്.എസ്.ഇ മാനേജർ ഈശ്വരമൂർത്തി, പി.എം.സി ഹെഡ് ശ്യാംകുമാർ ശ്യാമപ്രസാദ്, എ.ജി.എം ഫ്രെഡി സോമൻ, ജി.എം ടി.പി. രാജീവൻ, അസിസ്റ്റന്റ് സെക്രട്ടറി കെ.പി. ഷാബു എന്നിവരും സംസാരിച്ചു.