കോഴിക്കോട്: പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന ഫേസ് മൂന്ന് പദ്ധതിയിൽ ബാലുശ്ശേരി ബ്ലോക്കിലെ പനായി - നന്മണ്ട റോഡ് നിർമ്മാണത്തിന് 3.87 കോടി രൂപ കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം അനുവദിച്ചതായി എം.കെ രാഘവൻ എം.പി പറഞ്ഞു. പ്രദേശവാസികളുടെ ആവശ്യപ്രകാരം 2021 ഫെബ്രുവരിയിലാണ് പി.എം.ജി.എസ്.വൈ പദ്ധതിയിലേക്ക് എം.പി റോഡ് നിർദ്ദേശിച്ചത്. 3.8 കിലോമീറ്റർ നീളവും, 3.750 മീറ്റർ വീതിയിൽ പുനർനിർമ്മിക്കുന്ന റോഡ് പനായി, മണ്ണാംപൊയിൽ, നന്മണ്ട നിവാസികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു.

കൂടാതെ ഉള്ള്യേരി ഭാഗത്ത് നിന്ന് വരുന്ന യാത്രക്കാർക്ക് ബാലുശ്ശേരി ടൗണിലെ ഗതാഗതകുരുക്ക് ഒഴിവാക്കി കൊണ്ട് നന്മണ്ട വഴി കോഴിക്കോട് ഭാഗത്തേക്ക് ബൈപ്പാസ് റോഡ് എന്ന തരത്തിൽ ഉപയോഗിക്കാനുമാകും. നിലവിൽ ശോചനീയാവസ്ഥയിലുള്ളതും വീതി കുറഞ്ഞതുമായ റോഡ് കൂടുതൽ വീതിയിൽ പുനർനിർമ്മിക്കുന്നതിലൂടെ ബാലുശ്ശേരി ടൗണിലെ തിരക്ക് ഒരു പരിധിവരെ കുറക്കാനാകും.