azhi-yur

വടകര: ആറാം ധനകാര്യ കമ്മീഷൻ ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം അവസ്ഥ പഠനത്തിന് ഉദ്യോഗസ്ഥ സംഘം അഴിയൂരിൽ എത്തി. ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിൽ ഗ്രാമപഞ്ചായത്തുകൾ നേടിയെടുത്ത നേട്ടങ്ങളെകുറിച്ചും ഇനിയും നേടാനുള്ള ലക്ഷ്യങ്ങൾ സംബന്ധിച്ചും ഗ്രാമപഞ്ചായത്തുകൾ ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ഉദ്യോഗസ്ഥസംഘം അഴിയൂർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുമായി ചർച്ച നടത്തി.

കോഴിക്കോട് ജില്ലയിൽ അഴിയൂർ,​ താമരശ്ശേരി, ഒളവണ്ണ, വാണിമേൽ എന്നീ നാല് പഞ്ചായത്തുകളെയാണ് ധനകാര്യ കമ്മീഷൻ അവസ്ഥാപഠനത്തിനായി തിരഞ്ഞെടുത്തത്. തീരദേശ പ്രശ്നങ്ങൾ കൂടുതലായുള്ള ഗ്രാമപഞ്ചായത്തായതിനാലാണ് അഴിയൂരിനെ തെരഞ്ഞെടുത്തത്.

ജനപ്രതിനിധികൾ സാമൂഹിക സുരക്ഷാ പെൻഷനിൽ വീടുകളുടെ വിസ്തൃതി സംബന്ധിച്ചും തീരദേശമേഖലയിലെ ജീവനോപാധി കെട്ടിടങ്ങൾക്ക് അനുമതി സംബന്ധിച്ചും തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനെക്കുറിച്ചും വിശദമായി സംസാരിച്ചു. മത്സ്യത്തൊഴിലാളികൾക്കുള്ള സബ്സിഡി മാനദണ്ഡങ്ങൾ 90% ആക്കുന്നതും ജനന മരണം പഞ്ചായത്തിൽ അറിയിക്കേണ്ട സമയപരിധി ദീർഘിപ്പിക്കുന്നതും, തീരദേശത്ത് 50 മീറ്ററിനുള്ളിൽ താത്ക്കാലിക നമ്പർ അനുവദിക്കുന്നതും വിഷയങ്ങളായിരുന്നു. ചോറോട് പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ അനിൽകുമാർ നൊച്ചിയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഞ്ചായത്തിൽ എത്തിയത്. അടുത്ത നാല് ദിവസം പഞ്ചായത്ത് ക്യാമ്പ് ചെയ്ത് റിപ്പോർട്ട് തയ്യാറാക്കും. റിപ്പോർട്ട് ആറാം ധനകാര്യ കമ്മിഷനു മുന്നിൽ സമർപ്പിക്കും.

യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ അനീഷ ആനന്ദ സന്ദനം, അബ്ദുൽ റഹീം പുഴക്കൽ പറമ്പത്ത്, രമ്യ കരോടി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, മെമ്പർമാരായ മൈമൂന ടീച്ചർ, സി.എം.സജീവൻ, കെ.കെ ജയചന്ദ്രൻ, സാവിത്രി ടീച്ചർ, കവിത അനിൽകുമാർ, സാലിം പുനത്തിൽ, സീനത്ത് ബഷീർ, ജൂനിയർ സൂപ്രണ്ടുമാരായ ജിതേഷ് ബാബു, എൻ.ശശിധരൻ, എൻ. എം.രമേശൻ, മനോജ് എടവലത്ത്, കെ പ്രകാശ് എന്നിവർ സംസാരിച്ചു.