അമ്പലവയൽ: വയനാടിന്റെ ചരിത്ര പൈതൃകവും കാർഷിക സംസ്‌കൃതിയും തൊട്ടറിഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ അമ്പലവയൽ വയനാട് ഹെറിറ്റേജ് മ്യൂസിയം സന്ദർശിച്ചു. ജില്ലയിൽ നാല് ദിവസത്തെ സന്ദർശനത്തിനെത്തിയ ഗവർണർ ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയത്തിലെത്തിയത്.

ഗോത്ര സംസ്‌കൃതിയുടെയും കാർഷിക മുന്നേറ്റത്തിന്റെയും പടയോട്ടങ്ങളുടെയും വേരോട്ടമുള്ള മണ്ണിൽ ഹെറിറ്റേജ് മ്യൂസിയം ഒരുക്കുന്നത് ഇന്നലകെളിലേക്കുള്ള യാത്രയാണ്. ലളിതവും സുന്ദരവുമായ രീതിയിൽ ഇവിടെ എല്ലാം സജ്ജീകരിച്ചിരിക്കുന്നു. പേനയും പുസ്തകവുമായി വേണം ഈ മ്യൂസിയം സന്ദർശിക്കാൻ. ഹെറിട്ടേജ് മ്യൂസിയത്തിന്റെ സന്ദർശക പുസ്തകത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇങ്ങനെ എഴുതിചേർത്തു.

മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള പഴശ്ശി പോരാട്ടങ്ങളുടെ കഥ പറയുന്ന വീരക്കല്ല്, ഗോത്ര ജനതയുടെ പരമ്പരാഗത ആയുധങ്ങൾ, കാർഷിക ഉപകരണങ്ങൾ തുടങ്ങി ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ള ഓരോന്നിനെക്കുറിച്ചും ഗവർണർ ചോദിച്ചറിഞ്ഞു. എല്ലാം വിസ്മയകരമായി തോന്നുന്നുവെന്ന് ഗവർണർ പറഞ്ഞു.

പൈതൃക മ്യൂസിയം
അതിഥികളിൽ പ്രമുഖനായി ഗവർണർ

അമ്പലവയൽ: അമ്പലവയൽ പൈതൃക മ്യൂസിയത്തിന്റെ ചരിത്രത്തിൽ ഇവിടം സന്ദർശിച്ചിട്ടുള്ള അതിഥികളിൽ പ്രമുഖനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടംപിടിച്ചു. ഇതാദ്യമായാണ് ഒരു ഗവർണർ ഈ മ്യൂസിയം സന്ദർശിക്കുന്നത്. വയനാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി കാലങ്ങളെടുത്ത് ശേഖരിച്ച അമൂല്യ വസ്തുക്കളാണ് വയനാട് പൈതൃക മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. 1986 ൽ രവീന്ദ്രൻ തമ്പി വയനാട് ജില്ലാ കളക്ടറായിരുന്നപ്പോഴാണ് ജില്ലയുടെ പൈതൃക സംരക്ഷണത്തിനായി വ്യാപക പഠനം നടന്നത്. പിന്നീട് വിശ്വാസ് മേത്ത കളക്ടറായിരുന്ന സമയത്തും പഠനങ്ങൾ ഊർജ്ജിതമായി. ഒരു വ്യാഴവട്ടക്കാലത്തെ പരിശ്രമത്തിനൊടുവിൽ അമ്പലവയലിൽ ഹെറിറ്റേജ് മ്യൂസിയം യാഥാർത്ഥ്യമാവുകയായിരുന്നു.

സംസ്‌കാരികമായി ഏറ്റവും പ്രാധാനമ്യമുള്ള വസ്തുക്കളാണ് ഇവിടെ പ്രദർശനത്തിനുള്ളത്. ആയിരമാണ്ടുകളായി ജനവാസമുള്ള വയനാടൻ പ്രദേശങ്ങളിലെ സംഭവബഹുലമായ ഭൂതകാലത്തെയാണ് മ്യൂസിയം പ്രതിനിധാനം ചെയ്യുന്നത്. ഗോത്രസ്മൃതി, ജീവനസ്മൃതി, വീരസ്മൃതി, ദേവസ്മൃതി എന്നിങ്ങനെ നാല് ഗാലറിയായാണ് പൈതൃക മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. ഗോത്ര ജീവനത്തിന്റെ ഉപജീവനവൃത്തികളുമായി ബന്ധപ്പെട്ട വസ്തുക്കളും വീട്ടുപകരണങ്ങളുമാണ് ഗോത്രസ്മൃതിയിൽ ഒരുക്കിയിട്ടുള്ളത്. വീരസ്മൃതി പഴശ്ശി കാലഘട്ടത്തിലെ ബ്രിട്ടീഷ് പോരാട്ടങ്ങളുടെ സ്മരണയാണ്. ഗ്രാമീണതയുടെയും കാർഷിക പൈതൃകങ്ങളുടെയും അടയാളങ്ങളാണ് ജീവന സ്മൃതിയിലുള്ളത്. ആരാധനയും ദേവപ്രതിഷ്ഠകളുടെയും കഥയും ചരിത്രവുമാണ് ദേവ സ്മൃതിയിലുള്ളത്.