മാനന്തവാടി: തൃശിലേരിയിലെ നെയ്ത്ത് ഗ്രാമത്തിൽ വിശിഷ്ടാതിഥിയായി എത്തിയ ഗവർണർക്ക് കൺമുന്നിൽ നെയ്‌തെടുത്ത തുണിത്തരങ്ങൾ തൊഴിലാളികൾ ഉപഹാരമായി നൽകി. പവർലദം പ്രവർത്തനങ്ങൾ വിശദീകരിക്കവേ തന്നെ ഗവർണർക്കായി പ്രത്യേക സമ്മാനം ഇവർ നെയ്‌തെടുക്കുകയായിരുന്നു.
ആദിവാസികളുടെയും അവിവാഹിത അമ്മമാരുടെയും പുനരധിവാസം ലക്ഷ്യമിടുന്ന സ്ഥാപനത്തിൽ ഗവർണറുടെ സന്ദർശനം ആവേശവും പ്രതീക്ഷയുമായി.

നെയ്ത് ഗ്രാമം ചെയർമാൻ പി.ജെ.ആന്റണി, സെക്രട്ടറി കെ.എ.സജീർ, ബോർഡ് അംഗം എ.എൻ.പ്രഭാകരൻ എന്നിവർ ചേർന്ന് ഗവർണറെ സ്വീകരിച്ചു. ജില്ലാ പൊലീസ് മേധാവി അരവിന്ദ് സുകുമാർ, സബ് കളക്ടർ ആർ.ശ്രീലക്ഷ്മി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജസ്റ്റിൻ ബേബി തുടങ്ങിയവരും സന്നിഹിതരായിരുന്നു.

1999 ലാണ് വയനാട് ഹാൻഡ്‌ലൂം പവർലൂം ആൻഡ് മൾട്ടിപർപ്പസ് ഇൻഡസ്ട്രിയൽ കോഓപ്പറേറ്റീവ് സൊസൈറ്റി തൃശിലേരിയിൽ ആരംഭിച്ചത്. 72 തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നു. ഭൂരിഭാഗവും ആദിവാസി വനിതകളാണ്. യന്ത്രത്തറികളിലും കൈത്തറികളിലും നെയ്‌തെടുക്കുന്ന ഗുണമേൻമയേറിയ ഉൽപന്നങ്ങൾ തേടി സഞ്ചാരികളും ഇവിടേക്കെത്താറുണ്ട്. ബെഡ്ഷീറ്റുകൾ, സാരികൾ, യൂണിഫോം തുണിത്തരങ്ങൾ, മുണ്ടുകൾ തുടങ്ങിയവയാണ് ഇവിടെ പ്രധാനമായും ഉൽപാദിപ്പിച്ച് വിപണനം ചെയ്യുന്നത്.