കുറ്റ്യാടി: ടാറിംഗ് പൂർത്തിയാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും യാത്ര ദുരിതത്തിന് പരിഹാരം കാണാനാവാതെ തവിടോറ നിവാസികൾ. കുന്നുമ്മൽ പഞ്ചായത്തിലെ ഒൻപതാം വാർഡിലെ, കുന്നുമ്മൽ സൗത്ത് എം.എൽ.പി സ്കൂൾ കുറ്റിയിൽ മുക്ക് റോഡിന്റെ പകുതിയിൽ പാറക്കെട്ടുകളാണ്. ഏതാണ്ട് നൂറ് മീറ്ററോളം ദൂരത്തിലുള്ള പാറ മാറ്റാത്തത് കാരണം രണ്ട് വശവും ബന്ധിപ്പിക്കനാവാത്ത അവസ്ഥയിലാണ്. റോഡുണ്ടെങ്കിലും വണ്ടികൾക്ക് പോകാനാവാത്ത അവസ്ഥ. റോഡ് പരസ്പരം ബന്ധിപ്പിക്കാൻ കഴിഞ്ഞാൽ കുന്നുമ്മൽ ഗ്രാമ പഞ്ചായത്തിലെ തവിടോറ, ഒതയോത്ത്,
വട്ടോളി പള്ളി ഭാഗങ്ങളിലെ ആളുകൾക്ക് എളുപ്പത്തിൽ കുന്നുമ്മൽ സി.എച്ച്.സി വില്ലേജ് ഓഫിസ്, പഞ്ചായത്ത് ഓഫിസ്, കുന്നുമ്മൽ സൗത്ത് എം.എൽ.പി സ്കൂൾ, സ്വകാര്യ ആശുപത്രി, കക്കട്ടിൽ, അമ്പലക്കുളങ്ങര ടൗൺ എന്നിവിടങ്ങളിൽ എത്തിചേരാനാവും.
റോഡിന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന എലിയാറ മുൻ എം.എൽ.എ പാറക്കൽ അബ്ദുള്ളയ്ക്ക് നിവേദനം നൽകുകയും തുടർന്ന് ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു. തുടർന്ന് എസ്റ്റിമേറ്റ് നടപടി പൂർത്തിയായെങ്കിലും മൺപാതകൾക്ക് വെള്ളപൊക്ക ദുരിതാശ്വാസ ഫണ്ട് അനുവദിക്കാനാവില്ലെന്ന കാരണം പറഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് സങ്കേതിക അനുമതി നൽകിയില്ല. ജനങ്ങൾ ഏറെ പ്രയാസപെടുന്ന റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ ബന്ധപ്പെട്ടവർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകൻ എലിയാറ ആനന്ദന്റെ നേതൃത്വത്തിൽ മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർ കോവിൽ, കെ.മുരളിധരൻ എം.പി, കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ എന്നിവർക്കും നിവേദനം നൽകിയിരുന്നു.
ഒട്ടേറെ കുടുംബങ്ങൾക്ക് ആത്യാവശ്യമായ റോഡ് എത്രയും പെട്ടെന്ന് പൂർണമാക്കണം. ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയിട്ടുണ്ട്. എലിയാറ ആനന്ദൻ, സാമുഹ്യ പ്രവർത്തകൻ