കോഴിക്കോട്: എൻ.ജി.ഒ ക്വാർട്ടേഴ്സിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി മാസ്റ്റർ പ്ലാൻ തയാറാക്കാനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. എൻ.ജി.ഒ ക്വാർട്ടേഴ്സിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനിലാണ് മന്ത്രി അറിയിച്ചത്.
പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം നോൺ പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ പണി പൂർത്തീകരിക്കുക. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ എന്നും സർക്കാർ കണക്കിലെടുക്കും. കെട്ടിട നിർമ്മാണത്തിനുള്ള നടപടികൾ ഘട്ടംഘട്ടമായി സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
ചേവായൂർ വില്ലേജിൽ പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള 16.65 ഏക്കർ സ്ഥലത്താണ് എൻ.ജി.ഒ ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്നത്. 207 ക്വാർട്ടേഴ്സുകൾ ഇവിടെയുണ്ട്.
50 വർഷത്തിലേറെ പഴക്കമുള്ള ക്വാർട്ടേഴ്സുകളിൽ താമസിക്കുക എന്നത് ഏറെ വിഷമകരമാണെന്നും സർക്കാർ ജീവനക്കാർക്കുള്ള തൊട്ടടുത്ത ഹോസ്റ്റലും ശോച്യാവസ്ഥയിലാണെന്നും ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് എം.എൽ.എ ആവശ്യപ്പെട്ടത്