mla

വടകര: നാട്ടുകാർക്ക് പ്രാഥമിക ചികിത്സയ്ക്ക് പോലും ഉപകരിക്കാതെ നോക്കുകുത്തി ആവുകയാണ് ഏറാമല ആദിയൂരിലെ ആരോഗ്യ സേവന ഉപകേന്ദ്രം. വർഷങ്ങളായി അനക്കമില്ലാതെ കിടന്ന ഉപകേന്ദ്രം 2005ൽ പുതുക്കി പണിതെങ്കിലും ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലെ പ്രതിരോധ കുത്തിവെപ്പ് പോലുള്ള പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങി. സംഭവത്തെ കുറിച്ച് ജൂൺ 29ന് കേരളകൗമുദി വാർത്ത നല്കിയിരുന്നു. വൈദ്യുതി കണക്ഷൻ ലഭിക്കാത്തതു കൊണ്ടാണ് ഇവിടെ രാത്രി കാല സേവനത്തിന് ജീവനക്കാരില്ലാത്തതെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ വൈദ്യുതി എത്തിച്ച് മാസങ്ങളായിട്ടും ജീവനക്കാർ എത്തിയില്ല. ബന്ധപ്പെട്ടവരോട് പലവട്ടം ആവശ്യം ഉന്നയിച്ച് മടുത്ത നാട്ടുകാർ ഒപ്പുശേഖരണം നടത്തി നിയുക്ത എം.എൽ.എ കെ.കെ രമയ്ക്ക് നിവേദനം നല്കിയിട്ടുണ്ട്. ചെറിയ ആവശ്യങ്ങൾക്ക് പോലും മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന ദുരവസ്ഥയ്ക്ക് ഇതോടെ പരിഹരമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.