സുൽത്താൻ ബത്തേരി: ബി.ജെ.പി യുടെ ജില്ലാ അദ്ധ്യക്ഷനെ മാറ്റിയതിന് പിന്നാലെ ഭാരവാഹികളുടെ കൂട്ടരാജി. സുൽത്താൻ ബത്തേരി നിയോജക മണ്ഡലം കമ്മറ്റിയിലും മഹിള മോർച്ച ജില്ലാ കമ്മറ്റിയിലുമാണ് രാജി.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലും, സ്ത്രീകളെ അപമാനിക്കുന്ന പ്രവർത്തനങ്ങളിൽ ആരോപണ വിധേയനായ ആളെ പ്രസിഡന്റാക്കിയതിലും കമ്മറ്റികളുടെ പരാതികൾക്ക് വ്യക്തമായ മറുപടി ലഭിക്കാത്തതിലും പ്രതിഷേധിച്ചാണ് രാജിയെന്ന് മണ്ഡലം പ്രസിഡന്റ് കെ.ബി.മദൻലാലും മഹിള മോർച്ച ജില്ലാ പ്രസിഡന്റ് ലളിത വൽസനും അറിയിച്ചു.
ബി.ജെ.പി ബത്തേരി മണ്ഡലം പ്രസിഡന്റ് കെ.ബി.മദൻലാലിന്റെ നേതൃത്വത്തിൽ പതിമൂന്ന് അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയും, മഹിള മോർച്ച ജില്ലാ പ്രസിഡന്റ് ലളിത വൽസന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ എക്സിക്യൂട്ടീവ് കമ്മറ്റിയുമാണ് പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചത്. ഇതോടെ ബി.ജെ.പി ബത്തേരി നിയോജക മണ്ഡലം കമ്മറ്റിയും മഹിള മോർച്ച ജില്ലാ കമ്മറ്റിയും ഇല്ലാതായി.

സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കാതെ ആരോപണ വിധേയനായ ആളെ ജില്ലാ പ്രസിഡന്റാക്കിയതോടെ ഇനി നീതി ലഭിക്കുകയില്ലന്ന് ബോധ്യമായതിനാലാണ് രാജിയെന്ന് ലളിത വൽസൻ പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേടുകളെചൊല്ലി തിരഞ്ഞെടുപ്പുവേളയിൽ തന്നെ പരാതി ഉയർന്നിരുന്നു. സ്ത്രീകളെ അപമാനിച്ചതിന് മഹിള മോർച്ച പ്രവർത്തകർ രണ്ട് നേതാക്കൾക്കെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. എന്നാൽ ആരോപണ വിധേയന് സ്ഥാനം നൽകുകയാണ് സംസ്ഥാന നേതൃത്വം ചെയ്തത്.
ആരോപണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ വെച്ച് കയ്യാങ്കളി വരെ നടന്നിരുന്നു. മുതിർന്ന നേതാക്കൾ ഇടപെട്ടാണ് അന്ന് പ്രശ്നം പരിഹരിച്ചതെങ്കിലും പ്രവർത്തകർ തമ്മിലുള്ള ശീതസമരം തുടർന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അമിത്ഷാ മീനങ്ങാടിയിലെത്തിയപ്പോഴും ഈ വിഭാഗീയത മറനീക്കി പുറത്ത് വന്നു. അതിനിടെ യുവമോർച്ച ഭാരവാഹികളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇതോടെ ബി.ജെ.പിയുടെ പോഷക സംഘടനയിൽ കൂട്ടരാജി തന്നെയായിരുന്നു.
തിരഞ്ഞെടുപ്പ് കോഴയുമായി ബന്ധപ്പെട്ട് ജെ.ആർ.പി നേതാവ് പ്രസീത അഴിക്കോട് പുറത്തുവിട്ട ശബ്ദസന്ദേശത്തോടെ കോഴവിവാദം രൂക്ഷമായി. സാമ്പത്തിക ആരോപണവും കോഴവിവാദവും പാർട്ടിയെ ജില്ലയിൽ പിടിച്ചുലച്ചു. ജില്ലാ നേതൃത്വമാറ്റം നടന്നതോടെ പാർട്ടിയിലെ അസംതൃപ്തരുടെ എണ്ണം വർദ്ധിക്കുകയും പൊട്ടിത്തെറിയുടെ വക്കിലേക്ക് എത്തുകയുമായിരുന്നു. കഴിഞ്ഞ ദിവസം ബത്തേരിയിൽവെച്ച് മാരത്തോൺ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നായിരുന്നു ഇന്നലത്തെ കൂട്ടരാജി.