കൽപ്പറ്റ: ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും പട്ടിക വർഗ്ഗ വികസന വകുപ്പും സംയുക്തമായി നിർമ്മിക്കുന്ന ഇഞ്ച സിനിമയുടെ പോസ്റ്റർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശനം ചെയ്തു. നിയമങ്ങളെക്കുറിച്ചുള്ള അവബോധമില്ലാതെ 18 വയസ്സിന് താഴെയുള്ളവരെ വിവാഹം ചെയ്ത പട്ടികവർഗ്ഗത്തിൽപ്പെട്ട 250 ലേറെ ആളുകൾ ജില്ലയിൽ പോക്‌സോ കേസുകളിൽപ്പെട്ടിട്ടുണ്ട്. ഇവരിൽ പലരും ജയിലിലാണ്ട്. ഇത്തരം കാര്യങ്ങളിൽ ബോധവൽക്കരണം നൽകുന്നതിനാണ് സിനിമ തയ്യാറാക്കുന്നത്. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ കെ.രാജേഷ് കഥയെഴുതിയ സിനിമയുടെ തിരക്കഥയും സംവിധാനവും ഭാസ്‌കരൻ ബത്തേരിയാണ്. ചടങ്ങിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി പട്ടികവർഗ്ഗക്കാർക്കായി നടത്തുന്ന ക്ലാറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മൃദുലയ്ക്ക് ഗവർണർ ലാപ്‌ടോപ് സമ്മാനിച്ചു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും അദ്ദേഹം രാജ്ഭവന്റെ പേന സമ്മാനിച്ചു. ജില്ലാ പ്രിൻസിപ്പൽ സ്‌പെഷ്യൽ ജഡ്ജ് എ. ഹാരിസ് ചടങ്ങിൽ സന്ദേശം നൽകി. ഫസ്റ്റ് ക്ലാസ്സ് അഡിഷണൽ ജില്ലാ ജഡ്ജ് എം.വി.രാജകുമാർ, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഹരിപ്രിയ പി.നമ്പ്യാർ, ബത്തേരി സബ് ജഡ്ജ് ആനിറ്റ് ജോസഫ്, അഡ്വ. സി.സി.മാത്യു ഐ.ടി.ഡി.പി. പ്രൊജക്ട് കോ ഓർഡിനേറ്റർ കെ.സി.ചെറിയാൻ, അഭിനേതാക്കളായ തീർത്ഥ, കെ.ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.