കൽതപ്പറ്റ: നിങ്ങൾക്കെല്ലാം സുഖാണോ... നന്നായി പഠിക്കുന്നുണ്ടോ....ഗവർണറുടെ ഹിന്ദിയിലുള്ള ചോദ്യത്തി​ന് മലയാളത്തിൽ തർജ്ജമ വന്നതോടെ നിറഞ്ഞ ചിരിയോടെ കുട്ടികളെല്ലാം തലയാട്ടി. കൽപ്പറ്റ നാരങ്ങാക്കണ്ടി കോളനിയിലെ പ്രത്യേക പരിശീലന കേന്ദ്രത്തിലെത്തിയ ഗവർണർക്കൊപ്പം നാടൻപാട്ടുകളും ഡാൻസുമൊക്കെയായി കുട്ടികളും ചേർതോടെ സന്ദർശനം ആവേശമായി. കുട്ടികളുടെ കലാപരിപാടികൾ ഒരു മണിക്കൂറോളം ആസ്വദിച്ച ഗവർണർ കുട്ടികൾക്കെല്ലാം സമ്മാനമായി രാജ്ഭവന്റെ പേര് പതിച്ച പേനയും നൽകി.
തുടി താളവും വട്ടക്കളിയുമായി​ ഉത്സവാന്തരീക്ഷത്തി​ലാണ് കോളനിവാസികൾ ഗവർണറെ വരവേറ്റത്. തുടി കൈയ്യിൽ വാങ്ങി ഗവർണർ താളം പിടിച്ചു. ഗോത്ര ജീവിതത്തിന്റെ അടയാളങ്ങളായ കല്ലമാലയും, വയനാടൻ മഞ്ഞൾ പൊടിയുമെല്ലാം ഗവർണർക്ക് സമ്മാനമായി​ കോളനിവാസികൾ നൽകി.

വൈത്തിരി താലൂക്കിലെ ബി.ആർ.സി ക്ക് കീഴിൽ മൂന്ന് പ്രാഥമിക വിദ്യാലയങ്ങളിലെ 26 കുട്ടികളാണ് ഈ പഠന കേന്ദ്രത്തിലുള്ളത്.
കൽപറ്റ നഗരസഭ ചെയർമാൻ കെയംതൊടി മുജീബ്, വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.വി.ലീല , എസ്.എസ്.കെ ജില്ല പ്രോജക്ട് കോർഡിനേറ്റർ പി.ജെ.ബിനേഷ്, എ.ഇ.ഒ വി.എം.സൈമൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു.