1

തിക്കോടി: പതിനായിരങ്ങളെ കുടിയിറക്കേണ്ടി വരുന്ന അതിവേഗ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യവുമായി സമരസമിതി തുടക്കമിട്ട പ്രക്ഷോഭത്തിന് ആക്കം കൂടുന്നു. ദേശീയപാത വികസനത്തിനു പിറകെ കെ.റെയിൽ പദ്ധതി കൂടി വരുമ്പോൾ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ എണ്ണം വല്ലാതെ കൂടുകയാണെന്നിരിക്കെ പ്രതിഷേധം പടരുകയാണ്. പരിസ്ഥിതി ആഘാത പഠനം പോലും നടത്താതുള്ള അതിവേഗ റെയിൽ പദ്ധതി കേരളത്തിന് അനുയോജ്യമല്ലെന്ന വാദമാണ് സമരസമിതിയുടേത്. ഈ പദ്ധതി സൃഷ്ടിക്കുന്ന സാമൂഹികാഘാതം കുറച്ചൊന്നുമായിരിക്കില്ല. കേരളത്തെ രണ്ടായി വെട്ടിമുറിക്കുന്ന സിൽവർലൈൻ പദ്ധതിയുടെ ദോഷഫലം ഏറെയായിരിക്കുമെന്നും സമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു.

ഈ പദ്ധതിയേക്കാൾ കേരളത്തിന് ഇപ്പോൾ ആവശ്യം നിലവിലുള്ള റെയിൽപ്പാത ഇരട്ടിപ്പിക്കലല്ലേ ?. പദ്ധതി നടപ്പാക്കുമ്പോൾ കുടിയിറക്കേണ്ടി വരുന്ന പതിനായിരങ്ങളെ എവിടെ പുനരധിവസിപ്പിക്കുമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ലല്ലോ ?. ഭൂമി ഏറ്റെടുക്കുന്നതിനു മുമ്പ് ഇക്കാര്യത്തിലെങ്കിലും ധാരണ വേണ്ടേ ?. സമരസമിതി ഉന്നയിക്കുന്ന ചോദ്യങ്ങൾ ഇങ്ങനെ നീളുകയാണ്.

''പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെ എങ്ങനെയാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുക ?. കെ റെയിൽ പദ്ധതി കേരളത്തിന് അനുയോജ്യമേയല്ല. ഇത് വലിയ സാമൂഹികാഘാതമാണ് വരുത്തിവെക്കുക.

ടി.ടി. ഇസ്മയിൽ,

സമരസമിതി ജില്ലാ ചെയർമാൻ

''നാടിന്റെ വികസനത്തിനുതകുന്ന ഒരു പദ്ധതിയ്ക്കും എതിരല്ല. യാഥാത്ഥ്യബോധത്തോടെയും അവധാനതയോടെയും വേണം വികസനപദ്ധതി നടപ്പാക്കാൻ. ജനജീവിതത്തിന് ക്ഷതമേല്പിക്കാതെ, ജനത്തെ വിശ്വാസത്തിലെടുത്ത് വേണ്ടേ പുതിയ പദ്ധതി കൊണ്ടുവരാൻ ?.

സന്തോഷ് തിക്കോടി,

തിക്കോടി പഞ്ചായത്ത് അംഗം,

സമരസമിതി പഞ്ചായത്ത് ചെയർമാൻ

തിക്കോടി പഞ്ചായത്തിൽ മാത്രം 200 ഓളം കുടുംബങ്ങൾക്ക് വീട് നഷ്ടപ്പെടും. ഒരു ആയുസിന്റെ സമ്പാദ്യം മുഴുവൻ ചിലവാക്കിയാണ് പലരും 10 വർഷത്തിനിടയിൽ വീട് നിർമ്മിച്ചത്. അത് നഷ്ടപ്പെട്ടാൽ മറ്റൊരു സ്ഥലം വാങ്ങി വീട് വെക്കാൻ പലർക്കും സാധിക്കില്ല. പല കുടുംബങ്ങളും തെരുവിൽ അഭയം തേടേണ്ടി വരും

ടി.വി. മുഹമ്മദ് നജീബ്

കൺവീനർ

കെ-റെയിൽ വിരുദ്ധ ജനകീയ സമിതി

തിക്കോടി പഞ്ചായത്ത് കമ്മിറ്റി