news
കോഴിക്കോട് പാളയം മാർക്കറ്റിൽ വഴിയോരത്ത് കരിമ്പിൻ കെട്ടുകൾ ഒതുക്കിവെക്കുന്ന കച്ചവടക്കാരൻ

കോഴിക്കോട്: വിപണി ഉണർന്നതിനിടെ പാളയത്ത് കരിമ്പ് കച്ചവടവും പച്ച പിടിക്കുകയാണ്.

കൊവിഡ് വ്യാപനത്തിന്റെ ആഘാതത്തിൽ കഴിഞ്ഞ വർഷം നവരാത്രി ആഘോഷത്തിന് പൊലിമ കുറഞ്ഞപ്പോൾ കരിമ്പ് വരവ് നന്നേ കുറഞ്ഞിരുന്നു. എന്നാൽ, ഇത്തവണ നിയന്ത്രണങ്ങൾക്ക് കൂടുതൽ അയവ് വന്നിരിക്കെ പാളയത്തെ വഴിയോരത്ത് കരിമ്പ് നിറയാൻ തുടങ്ങിക്കഴിഞ്ഞു. തമിഴ്നാട്ടിൽ നിന്നുൾപ്പെടെ കച്ചവടക്കാർ എത്തുന്നുണ്ട്. ഇക്കുറി നവരാത്രി ആഘോഷത്തിന് മധുരമേറ്റാനാവുമെന്ന പ്രതീക്ഷയിലാണ് ഇവരൊക്കെയും.

മഹാനവമി അനുഷ്ഠാനങ്ങളോടനുബന്ധിച്ച് കരിമ്പിനെന്ന പോലെ തരാതരം പൊരിയ്ക്കും ഡിമാൻഡ് ഏറെയാണ്. ഈ ഭാഗത്ത് പൊരിക്കച്ചവടക്കാരും സജീവമായി വരികയാണ്.

തമിഴ്‌നാട്ടിലെ സേലത്ത് നിന്നുള്ള കരിമ്പ് 20 എണ്ണത്തിന്റെ കെട്ടിന് 600 രൂപയാണ് ഇത്തവണത്തെ നിരക്ക്. ഇന്ധനവില കുതിച്ചുയരുന്നതിനിടെ വഴിച്ചെലവ് വല്ലാതെ കൂടിയതാണ് കരിമ്പിന് നിരക്ക് കൂടാനിടയാക്കിയതെന്ന് കച്ചവടക്കാർ പറയുന്നു.

നവമി സീസണിൽ ദിവസവും 50 - 60 കെട്ട് വരെ കരിമ്പ് വിറ്റുപോവാറുണ്ട് മിക്കവർക്കും. പാലക്കാട് നിന്നാണ് പൊരിയുടെ വരവ്. അരിപ്പൊരിയ്ക്കു പുറമെ മലർ, ചോളപ്പൊരി എന്നിവയ്ക്കും ആവശ്യക്കാർ കുറവല്ല. നവമി അടുക്കുന്നതോടെ വരുംദിവസങ്ങളിൽ കച്ചവടം മുറുകുന്നതും നോക്കിയുള്ള കാത്തിരിപ്പിലാണ് എല്ലാവരും.